റെക്കോർഡ് ഗോളോടെ സോൺ , പാലസിനെ മറികടന്ന് സ്പർസ്

- Advertisement -

ഹ്യുങ് മിൻ സോൺ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ സ്പർസ് ക്രിസ്റ്റൽ പാലസിനെ മറികടന്നു. കൊറിയൻ താരം നേടിയ ഗോൾ മാത്രം പിറന്ന മത്സരത്തിൽ പാലസ് മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിങിലെ പോരായ്മകൾ അവർക്ക് വിനയാവുകയായിരുന്നു. ഇന്ന് നേടിയ ഗോളോടെ സോൺ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.

റയലിനെതിരെ മികച്ച പ്രകടനം നടത്തിയ ഡെല്ലെ അലി ഇല്ലാതെയാണ് സ്പർസ് ഇറങ്ങിയത്. പരിക്കേറ്റ അലിക്ക് പകരം സിസോക്കോ ടീമിൽ ഇടം നേടി, ഹ്യുഗോ ലോറിസിന്റെ പകരം ഗസ്സനികയും ടീമിൽ ഇടം നേടി. ദുർബലരായ പാലസിനെതിരെ പക്ഷെ സ്പർസിന് പ്രതീക്ഷിച്ച രീതിയിൽ മത്സരം തുടങ്ങാനായില്ല. ഇരു ടീമുകളുടെയും പ്രതിരോധക്കാർ മികച്ച പ്രകടനം നടത്തിയ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും പക്ഷെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയിൽ കൂടുതൽ ശക്തിയോടെ ടോട്ടൻഹാമിനെ ആക്രമിക്കുന്ന പാലസിനെയാണ് കണ്ടത്. 56 ആം മിനുട്ടിൽ ലഭിച്ച സുവർണാവസരം സാഹ നഷ്ടപെടുത്തിയത് പാലസിന് തിരിച്ചടിയായി. ഏറെ വൈകാതെ 64 ആം മിനുട്ടിൽ സോൺ സ്പർസിന് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മികച്ച ഷോട്ടിലൂടെയാണ് സോൺ മത്സര ഗതിക്ക് വിപരീതമായി സ്പർസിന് ലീഡ് സമ്മാനിച്ചത്. പിന്നീട് ഏതാനും അവസരങ്ങൾ പാലസ് സൃഷ്ടിച്ചെങ്കിലും സ്പർസ് നന്നായി പ്രതിരോധിച്ചതോടെ പാലസിന്റെ സീസണിലെ ഒൻപതാം തോൽവി പൂർത്തിയായി.

ജയത്തോടെ 23 പോയിന്റുള്ള സ്പർസ് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ 4 പോയിന്റ് മാത്രമുള്ള പാലസ് അവസാന സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement