ചെൽസി തോറ്റു, യുണൈറ്റഡിന് വീണ്ടും സമനില 

ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് അനായാസകരമായി കുതിക്കാമെന്ന ചെൽസിയുടെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി ക്രിസ്റ്റൽ പാലസ് ചെൽസിയെ 2 – 1 ന് തോൽപിച്ചു. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ചെൽസി തോൽവി വഴങ്ങിയത്.

സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ മികച്ച തുടക്കമാണ് ചെൽസി നേടിയത്. വിക്ടർ മോസസിന് പകരം ടീമിലെത്തിയ സെസ്‌ക് ഫാബ്രിഗാസിന്റെ ഗോളിൽ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്, 5  ആം മിനുട്ടിൽ ഈഡൻ ഹസാർഡിന്റെ പാസ് വലയിലെത്തിച്ചാണ് ഫാബ്രിഗാസ് ഗോൾ നേടിയത്. എന്നാൽ 9 ആം മിനുട്ടിൽ ചെൽസി പ്രതിരോധത്തിനിടയിലൂടെ മികച്ചൊരു ഷോട്ട് കണ്ടെത്തിയ സാഹ ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. രണ്ടു മിനിട്ടുകൾക്ക് ശേഷം ചെൽസി പ്രതിരോധം കളി മറന്നപ്പോൾ കിടിലൻ ഫിനിഷിലൂടെ ബെന്റക്കെ പാലസിന്റെ ലീഡ് ഗോൾ നേടി. സമനില ഗോളിനായി നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ചെൽസിയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി. സ്വന്തം മൈതാനത്തു തോറ്റതോടെ ചെൽസിയുടെ  പോയിന്റ് നിലയിലെ ആധിപത്യം 7 ആയി കുറഞ്ഞു.

ചെൽസി തോറ്റപ്പോൾ മികച്ച ജയത്തോടെ ടോട്ടൻഹാം  പോയിന്റ് പട്ടികയിലെ ദൂരം കുറച്ചു. ബേൺലിയുടെ സ്വന്തം ഗ്രൗണ്ടിൽ അവരെ നേരിട്ട സ്പർസ്‌ ആദ്യ പകുതിയിൽ പക്ഷെ ഗോളൊന്നും നേടിയില്ല, ആദ്യ പകുതിയിൽ ലഭിച്ച മികച്ചൊരു അവസരം ഡെല്ലേ  അലി നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ പക്ഷെ ആക്രമണത്തിന് മൂർച്ച കൂട്ടിയ സ്പർസ്‌ 66 ആം മിനുട്ടിൽ എറിക് ഡയറിലൂടെ ലീഡ് നേടി, ഇംഗ്ലണ്ട് താരം 2015 ഡിസംബറിന് ശേഷം ക്ലബ്ബിനായി നേടുന്ന ആദ്യ ഗോൾ.  ലീഡ് നേടിയതോടെ നിലയുറപ്പിച്ച ലണ്ടൻ ടീമിന് രണ്ടാം ഗോളിനായി അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. 73 ആം മിനുട്ടിൽ ഹ്യുങ് മിൻ സൺ ഗോൾ നേടി. ജയത്തോടെ സ്പർസിന് 62 പോയിന്റായി.

മെർസി സൈഡ് ഡെർബിയിൽ ലിവർപൂളിന് മിന്നും ജയം. 1999 ന് ശേഷം ആൻഫീൽഡിൽ ഒരു ജയം പ്രതീക്ഷിച്ചിറങ്ങിയ എവർട്ടൻ പക്ഷെ ആക്രമണം മറന്നപ്പോൾ അവർക്ക് 3 – 1  ന്റെ പരാജയം.  സാദിയോ മാനെയിലൂടെ 8 ആം മിനുട്ടിൽ മുന്നിലെത്തിയ ലിവർപൂൾ പക്ഷെ സമനില ഗോൾ വഴങ്ങി, മാത്യു പെന്നിംഗ്ടനാണ് എവർട്ടന്റെ സമനില ഗോൾ നേടിയത്. എന്നാൽ പിന്നീട് മൂന്ന് മിനിട്ടുകൾക്ക് ശേഷം കുട്ടീഞ്ഞോയുടെ മികച്ച ഫിനിഷിലൂടെ ലിവർപൂൾ ലീഡ് പുനഃസ്ഥാപിച്ചു. രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തായ സാഡിയോ മാനെക്കു പകരക്കാരനായി ഇറങ്ങിയ ഡിവോഗ് ഒറിഗി 60 ആം മിനുട്ടിൽ വീണ്ടും എവർട്ടൻ വല കുലുക്കി. ഇതേ സമയം തിരിച്ചുവരവിനായി കാര്യമായ ശ്രമം നടത്താനും എവർട്ടൻ താരങ്ങൾക്കായില്ല. 30 കളികളിൽ നിന്ന് 59  പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും , 30 കളികളിൽ നിന്ന് 50 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തുമാണ്.

ഓൾഡ് ട്രാഫോഡിൽ നന്നായി കളിച്ചിട്ടും ജയം കണ്ടെത്താനാവാത്ത ശാപം ഇന്നലെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിട്ടൊഴിഞ്ഞില്ല. വെസ്റ്റ് ബ്രോം പ്രതിരോധം ബേധിക്കാനാവാതെ കുഴഞ്ഞ യുണൈറ്റഡിന് ഗോൾ രഹിത സമനില.
സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അഭാവം ഇത്തവണ യുണൈറ്റഡ് ശെരിക്കും അറിഞ്ഞു, പോഗ്ബയും മാട്ടയും ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡ് ലിംഗാർഡ് , ഫെല്ലെയ്നി , രാഷ്‌ഫോർഡ് , മാർഷ്യൽ എന്നിവരിലൂടെ നിരന്തരം ശ്രമിച്ചെങ്കിലും ഒന്നും ലക്‌ഷ്യം കണ്ടില്ല. ഇതിനിടയിൽ വെസ്റ്റ് ബ്രോം ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടത്തിയെങ്കിലും അവർക്കും ഗോൾ നേടാനായില്ല. 27 കളികളിൽ നിന്ന് 52 പോയിന്റുള്ള യുണൈറ്റഡ് 5 ആം സ്ഥാനത്തും 29 കളികളിൽ നിന്ന് 43 പോയിന്റുള്ള 8 ആം സ്ഥാനത്തുമാണ്.

പിന്നിൽ നിന്ന് പൊരുതി നേടിയ ജയത്തോടെ ഹൾ സിറ്റി വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്. 18 ആം മിനുട്ടിൽ ആൻഡി കാരോൾ നേടിയ ഗോളിൽ വെസ്റ്റ് ഹാമാണ് ലീഡ് നേടിയത്. ഈ ഗോളോടെ കരോൾ പ്രീമിയർ ലീഗിൽ 50 ഗോളുകൾ പൂർത്തിയാക്കി. പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ഒന്നിലിരിക്കുന്ന ഹളിനു  പക്ഷെ തോൽക്കാനാവുമായിരുന്നില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ ഹൾ 53 ആം മിനുട്ടിൽ സമനില ഗോൾ നേടി, ആൻഡ്രൂ റോബർട്സനാണ് ഗോൾ നേടിയത്. 85  ആം മിനുട്ടിലാണ് വെസ്റ്റ് ഹാമിനെ ഞെട്ടിച്ച ഗോൾ ഹൾ സിറ്റി ഡിഫെൻഡർ ആന്ദ്രേ റെനൊച്ചിയ നേടിയത്.  മത്സരത്തിൽ മികച്ച പ്രകടനം വെസ്റ്റ് ഹാം പുറത്തെടുത്തെങ്കിലും ലഭിച്ച അവസരങ്ങൾ നന്നായി മുതലാക്കിയ ഹൾ ജയം കാണുകയായിരുന്നു.
30 കളികളിൽ നിന്ന് 27 പോയിന്റുള്ള ഹൾ നിലവിൽ 18 ആം സ്ഥാനത്താണ്. 30 കളികളിൽ നിന്ന് 33 പോയിന്റുള്ള വെസ്റ്റ് ഹാം 14 ആം സ്ഥാനത്തുമാണ്.

ലെസ്റ്റർ വീണ്ടും വിജയിച്ചു. തുടർച്ചയായ നാലാം ജയം. സ്വന്തം മൈതാനത്തിറങ്ങിയ അവർ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സ്റ്റോക്ക് സിറ്റിയെ തോൽപ്പിച്ചത്. 25 മിനുട്ടിൽ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ എൻടിടിയും , രണ്ടാം പകുതിയിൽ 47 ആം മിനുട്ടിൽ ജാമി വാർഡിയുമാണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. ഇന്നത്തെ ജയത്തോടെ ആദ്യത്തെ 4 പ്രീമിയർ ലീഗ് മത്സരങ്ങൾ ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് പരിശീലകനായി ഷേക്സ്പിയർ.

പതിവൊന്നും തെറ്റിയില്ല, സണ്ടർലാൻഡ് ഇത്തവണയും തോറ്റു. വാട്ട് ഫോർഡിനെ അവരുടെ മൈതാനത്ത് നേരിടാനിറങ്ങിയ ഡേവിസ് മോയസിന്റെ ടീം എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. സണ്ടർലാൻഡിന്റെ സീസണിലെ 19 ആം തോൽവി. വെറും 20 പോയിന്റ് മാത്രമുള്ള സണ്ടർലാൻഡ് ലീഗിൽ അവസാന സ്ഥാനത്ത് തന്നെ. 34 പോയിന്റുള്ള വാട്ട് ഫോർഡ് 12 ആം സ്ഥാനത്തുമാണ്.

സൗത്താംപ്ടൺ – ബൗൺമൗത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 79 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ബൗൺമൗത് പെനാൽറ്റി പാഴാക്കുകയായിരുന്നു. ഹാരി ആർട്ടർ എടുത്ത പെനാൽറ്റി പക്ഷെ ലക്ഷ്യത്തിലേക്കായിരുന്നില്ല. ഇരു ടീമുകൾക്കും നിലവിൽ 34 പോയിന്റുണ്ട്.

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ സ്വാൻസി സിറ്റി മിഡിൽസ്ബറോയെയും ആർസെനൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.

Previous articleകൾച്ചറൽ ഫോറത്തിനെ തകർത്ത തിരിച്ചു വരവ് ഗംഭീരമാക്കി നാദം ദോഹ
Next articleകിരീടം പിടിക്കാന്‍ കൊല്‍ക്കത്ത രാജാക്കന്മാര്‍