പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജഗിയെൽക്ക വീണ്ടും ഷെഫീൽഡ് യുണൈറ്റഡിൽ

- Advertisement -

എവർട്ടനു വേണ്ടി കളിയ്ക്കാൻ ടീം വിട്ടു കൃത്യം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷെഫീൽഡ് യുണൈറ്റഡിൽ തിരിച്ചെത്തി പ്രതിരോധ നിര താരം ഫിൽ ജഗിയെൽക്ക. കഴിഞ്ഞ മാസം എവർട്ടൻ വിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ജഗിയെൽക്ക ഇന്നലെയാണ് ഫ്രീ ട്രാൻസ്ഫറിൽ തന്റെ കുട്ടിക്കാലത്തെ ക്ലബ് ആയിരുന്ന ഷെഫീൽഡ് യുണൈറ്റഡിൽ തിരിച്ചെത്തിയത്.

തന്റെ പതിനഞ്ചാം വയസിൽ ഷെഫീൽഡിൽ ചേർന്ന ജഗിയെൽക്ക ക്ലബിന് വേണ്ടി 287ഓളം മത്സരങ്ങൾ കളിച്ച ശേഷം 2007ൽ ആണ് എവർട്ടനിൽ എത്തിയത്. തുടർന്നിങ്ങോട്ട് 12 വർഷത്തോളം എവർട്ടനിൽ കളിച്ച ജഗിയെൽക്ക 387 മത്സരങ്ങളിൽ എവർട്ടൻ കുപ്പായമണിഞ്ഞു. 36കാരനായ ജഗിയെൽക്കയെ കരാർ കഴിഞ്ഞതിനെ തുടർന്ന് എവർട്ടൻ റിലീസ് ചെയ്യുകയായിരുന്നു.

2007ൽ പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗ് കളിയ്ക്കാൻ യോഗ്യത നേടിയിരിക്കുന്നത്. 2007ൽ ഷെഫീൽഡിൽ ജഗിയെൽക്ക കളിച്ചതിനു ശേഷം ആദ്യമായി വീണ്ടും പ്രീമിയർ ലീഗിൽ കളിയ്ക്കാൻ ഷെഫീൽഡ് യുണൈറ്റഡിന്റെ കൂടെ ഇനി ജഗിയെൽക്കയും ഉണ്ടാവും.

Advertisement