ചെൽസിയിൽ സാരി ബോൾ അവസാനിച്ചു, സാരി ഇനി യുവന്റസ് പരിശീലകൻ

മൗറീസിയോ സാരി ചെൽസി വിട്ടു. യുവന്റസിനെ പരിശീലിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം നീല പടയുടെ പരിശീലക സ്ഥാനം ഒഴിയുന്നത്. പതിവിന് വിപരീതമായി ചെൽസിയിൽ നിന്ന് പുറത്താക്കപ്പെടാതെ ക്ലബ്ബ് വിടുന്ന പരിശീലകനാണ് സാരി. സ്വന്തം നാടായ ഇറ്റലിയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ചെൽസി ക്ലബ്ബ് വിടാൻ അനുവദിക്കുകയായിരുന്നു. 3 വർഷത്തെ കരാറാണ് യുവന്റസ് സാരിക്ക് നൽകിയിരിക്കുന്നത്.

 

2018 ജൂലൈയിലാണ് സാരി ചെൽസിയുടെ പരിശീലകനായി നിയമിതനാവുന്നത്. സാരിയുടെ പഴയ ക്ലബ്ബ് നപോളിയുമായി ഏറെ കാലം നീണ്ടു നിന്ന ചർച്ചകൾക് ശേഷമാണ് ചെൽസി സാരിയെ നിയമിച്ചത്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ സാരിയുടെ ചെൽസി പക്ഷെ പിന്നീട് പിറകിൽ പോയി. ഇതോടെ ഒരു കൂട്ടം ആരാധകരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. എങ്കിലും പിന്നീട് ഫോം വീണ്ടെടുത്ത ടീം ലീഗ് കപ്പ് ഫൈനലിൽ എത്തുകയും സിറ്റിക്കെതിർ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

സീസൺ അവസാനം ചെൽസിയെ മൂന്നാം സ്ഥാനത്ത് എത്തിച്ച സാരി ചാമ്പ്യൻസ് ലീഗ് യോഗ്യതയും അത് വഴി ഉറപാക്കി. പിന്നീട് ആഴ്സണലിനെ തകർത്ത് യൂറോപ്പ ലീഗ് കിരീടം ഉയർത്താനും സാരിക്കായി. മാസിമിലിയാനോ അല്ലേഗ്രിക്ക് പകരക്കാരനായാണ് സാരി തുറിനിൽ എത്തുന്നത്. ചെൽസിയുടെ പുതിയ പരിശീലകനായി അല്ലേഗ്രിയോ, ഫ്രാങ്ക് ലംപാർഡോ എത്തിയേക്കും എന്നാണ് സൂചനകൾ.