ശൈലി മാറ്റില്ല, നിലപാട് ഉറപ്പിച്ച് സാരി

- Advertisement -

തുടർച്ചയായി മത്സര ഫലങ്ങൾ എതിരാകുന്നെങ്കിലും തന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നിലെന്നു ചെൽസി പരിശീലകൻ മൗറീസിയോ സാരി. ബോൺമൗത്തിനോട് നാണംകെട്ട തോൽവി വഴങ്ങിയതോടെ ചെൽസിക്ക് പ്ലാൻ ബി ഇല്ല എന്ന ആരോപണങ്ങൾ തുടർച്ചയായി വന്നിരുന്നു. പക്ഷെ തന്റെ പ്ലാൻ എ നല്ല രീതിയിൽ നടപ്പാക്കാതെ പ്ലാൻ ബി യിലേക്ക് എങ്ങനെ മാറും എന്നതാണ് സാരിയുടെ ചോദ്യം.

മത്സര ശേഷം ചെൽസി കളിക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സാരി ഉന്നയിച്ചത്. തന്റെ ശൈലിയിലേക്ക് വരാൻ കളിക്കാർ തയ്യാറാവുന്നില്ല എന്നതടക്കമുള്ള സൂചനകളാണ് ഇറ്റാലിയൻ പരിശീലകൻ നൽകിയത്. ചെൽസി ടീമുമായി കളിക്ക് ശേഷം 45 മിനിറ്റോളം അടച്ചിട്ട റൂമിൽ ചർച്ച നടത്തിയാണ്‌ സാരി അന്ന് മാധ്യമങ്ങളെ പോലും കണ്ടത്.

തന്റെ ശൈലി സമയം എടുത്ത് നടപ്പാക്കേണ്ട ഒന്നാണ്, ക്ളോപ്പും, പോചറ്റിനോയും, ഗാർഡിയോളയും എല്ലാം വർഷങ്ങൾ എടുത്താണ് ഇന്ന് കാണുന്ന രീതിയിലുള്ള ഫുട്‌ബോൾ അവരുടെ ടീമിൽ നടപ്പാക്കിയത് എന്നും സാരി കൂട്ടി ചേർത്തു. കൗണ്ടർ അറ്റാക്കിങ് മാത്രം കളിച്ചിരുന്ന ടീമിനെ ഒറ്റയടിക്ക് മാറ്റി എടുക്കുക എന്നത് എളുപ്പമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement