ചാമ്പ്യൻസ് ലീഗ് കളിക്കാതെ പറ്റില്ല, ആഴ്സണൽ വിടുമെന്ന് സൂചന നൽകി സാഞ്ചേസ്

ആഴ്സണലിനെ പ്രതിസന്ധിയിലാക്കി വീണ്ടും അലക്‌സി സാഞ്ചസിന്റെ പ്രതികരണം. ചിലിയൻ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കണം എന്നതാണ് ആഗ്രഹമെന്നും തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ പ്രതികരണത്തിനായി താൻ കാത്തിരിക്കുകയാണെന്നുമാണ് താരം അറിയിച്ചത്. ഇതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാനായ വെങ്ങറുടെ ടീമിന് അടുത്ത സീസണിൽ യൂറോപ്പ ലീഗിന് മാത്രമാണ് യോഗ്യത നേടാനായത്.


നേരത്തെയും ക്ലബ്ബ് വിടുന്നത് സൂചിപ്പിച്ചുള്ള പ്രസ്താവനകൾ സാഞ്ചെസ് നടത്തിയിരുന്നെങ്കിലും ഇന്നലെ സിഡ്‌നിയിൽ പത്ര പ്രവർത്തകരെ കണ്ട ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങർ സാഞ്ചെസ് ലണ്ടനിൽ തന്നെ തുടരുമെന്നുള്ള സൂചന നൽകിയിരുന്നു. എന്നാൽ ഏറെ വൈകാതെയാണ് സാഞ്ചെസ് ഇപ്പോഴത്തെ പ്രതികരണം നടത്തിയത് എന്നത് കണക്കിലെടുക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ താരം ആഴ്സണലിൽ തുടരാനുള്ള സാധ്യത വിരളമാണ്.  ക്ലബ്ബ് വിടാൻ താൽപര്യം പ്രകടിപ്പിച്ച ഒരു കളിക്കാരനെ നിർബന്ധിച് ക്ലബ്ബിൽ നിലനിർത്താൻ വെങ്ങർ തയ്യാറാവുമോ എന്നതിനെ അനുസരിച്ചിരിക്കും സാഞ്ചസിന്റെ  ഭാവി. നിലവിലെ കരാറിൽ ഒരു വർഷം മാത്രം ബാക്കിയുള്ള താരം പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ അടുത്ത വർഷം താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ട്ടമാകും എന്നതും ആഴ്സണലിനെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഘടകമാണ്.

28 കാരനായ സഞ്ചസിന് വേണ്ടി ബയേർന് മ്യുണിക്  രംഗത്തുണ്ടായിരുന്നെങ്കിലും റയൽ മാഡ്രിഡിൽ നിന്ന് ഹാമേസ് റോഡ്രിഗസിനെ ടീമിലെത്തിച്ച സ്ഥിതിക്ക് വമ്പൻ പണം മുടക്കി അവർ വരാനുള്ള സാധ്യത കുറവാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർ സാഞ്ചസിനെ ടീമിലെത്തിക്കാൻ സാധ്യത ഉള്ളവരാണങ്കിലും അവരാരും തന്നെ ഔദ്യോഗികമായി ആഴ്സണലിനെ സമീപിച്ചതായി റിപ്പോർട്ടുകളില്ല.

Previous articleവീണ്ടും കിരീടം ചൂടി ഇംഗ്ലണ്ട് യുവ നിര
Next articleറയൽ മാഡ്രിഡ് വിടണം, പെരെസിനോട് അപേക്ഷിച്ച് ഡാനിലോ