സലാ.. മാനെ വെടിക്കെട്ട്!! ലിവർപൂൾ വീണ്ടും ലീഗിന്റെ തലപ്പത്ത്

പ്രീമിയർ ലീഗ് കിരീട പോരിൽ ഒരിഞ്ച് വിട്ടു കൊടുക്കില്ല എന്ന് ഒരിക്കൽ കൂടെ പ്രഖ്യാപിച്ച് ലിവർപൂൾ. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെ തച്ചുതകർത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ സമ്മർദ്ദം കൂട്ടാൻ ലിവർപൂളിനായി. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. സലാ-മാനെ സഖ്യത്തിന്റെ ഇരട്ട ഗോളുകളാണ് ഇത്ര വലിയ വിജയം ലിവർപൂളിന് നൽകിയത്.

ഇന്ന് മത്സരം തുടങ്ങി ആദ്യ 15 സെക്കൻഡിനുള്ളിൽ തന്നെ ലിവർപൂൾ ലീഡ് നേടിയിരുന്നു. സലായുടെ പാസിൽ നിന്ന് നാബി കേറ്റയായിരുന്നു ആ ഗോൾ നേടിയത്. ലിവർപൂളിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളായിരുന്നു അത്. കളിയുടെ 24ആം മിനുട്ടിൽ മാനെയിലൂടെ ലീഡ് ഇരട്ടിയാക്കാനും ലിവർപൂളിനായി. 45ആം മിനുട്ടിൽ ഒരു ചിപ് ഫിനിഷിലൂടെ ആയിരു‌ന്നു സലായുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിലും ഹഡേഴ്സ്ഫീൽഡിന് പിടിച്ചു നിൽക്കാനായില്ല. സലായും മാനെയും വീണ്ടും രണ്ടാം പകുതിയിൽ ഗോൾവല ചലിപ്പിച്ചു. സലായ്ക്ക് ഇന്നത്തെ ഗോളുകളോടെ ലീഗിൽ 21 ഗോളുകളും മാനെയ്ക്ക് 20 ഗോളുകളുമായി. ഈ വിജയത്തോടെ 91 പോയന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി 89 പോയന്റുമായി പിറകിലുണ്ട്. ഇനി ലിവർപൂളിന് രണ്ട് ലീഗ് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

Exit mobile version