മാജിക് തുടർന്ന് സലാ!!! ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ലിവർപൂൾ

പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച് സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം ആറു ആക്കി കുറക്കാൻ ലിവർപൂളിന് ആയി. അലക്‌സാണ്ടർ അർണോൾഡ്, ആൻഡ്രൂ റോബർട്ട്സൻ തുടങ്ങി പലർക്കും വിശ്രമം നൽകിയാണ് ലിവർപൂൾ ഇറങ്ങിയത്. 70 ശതമാനം പന്ത് ലിവർപൂൾ കൈവശം വച്ച മത്സരത്തിൽ അവർ 29 ഷോട്ടുകൾ ആണ് ഉതിർത്തത്. ആൻഫീൽഡിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ഡീൻ സ്മിത്തിന്റെ ടീമിന് ആയത് അത്ഭുതം തന്നെയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ നേടാൻ ആവാതിരുന്നതോടെ ലിവർപൂൾ നിരാശ കാണികളിൽ പ്രകടമായി.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സെർജന്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലോസ് റാച്ചിറ്റ ലിവർപൂളിനെ ഞെട്ടിച്ചു. ഗോൾ വഴങ്ങിയതോടെ ഗോൾ നേടാൻ ആയി ലിവർപൂൾ ശ്രമങ്ങൾ. 64 മത്തെ മിനിറ്റിൽ റോബർട്ട്സിന് പകരക്കാനായി ഇറങ്ങിയ സിമിക്കാസിന്റെ ഹെഡറിൽ നിന്നു ഗോൾ കണ്ടത്തിയ ഓവർ ഹെഡ് കിക്കിലൂടെ സാദിയോ മാനെ ലിവർപൂളിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ഗോൾ കീപ്പർ ആലിസന്റെ പാസിൽ നിന്നു പന്ത് അതിമനോഹരമായി തന്റെ കാലിലാക്കിയ മുഹമ്മദ് സലാഹ് ഗോൾ നേടിയതോടെ ലിവർപൂൾ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. സലാഹിന്റെ 150 മത്തെ ലിവർപൂൾ ഗോൾ ആയിരുന്നു ഇത്. ജോർദൻ ഹെന്റെഴ്‌സന്റെ പാസിൽ നിന്നു തന്റെ ആദ്യ ലിവർപൂൾ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ലിവർപൂൾ ജയം ഉറപ്പിക്കുക ആയിരുന്നു.