സലയുടെ ഓർമയിൽ കാർഡിഫിന് ജയം

കഴിഞ്ഞ ദിവസം വിമാനാപകടത്തിൽ കാണാതായ എമിലാനോ സലക്ക് പ്രണാമർപ്പിച്ച് കൊണ്ട് തുടങ്ങിയ മത്സരത്തിൽ ബൗൺമൗത്തിനെതിരെ കാർഡിഫ് സിറ്റിക്ക് ജയം. ഇരുപകുതികളിലുമായി ബോബി റീഡ് നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് കാർഡിഫ് സിറ്റി ബൗൺമൗത്തിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.

എമിലാനോ സലയെ കാണാതായതിന് ശേഷമുള്ള കാർഡിഫിന്റെ ആദ്യ ഹോം മത്സരം കൂടിയായിരുന്നു ഇത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ പെനാൽറ്റിയിലൂടെയാണ് കാർഡിഫ് മുൻപിലെത്തിയത്. സ്റ്റീവ് കുക്കിന്റെ കയ്യിൽ പന്ത് തട്ടിയതിനു ലഭിച്ച പെനാൽറ്റി റീഡ് വലയിലെത്തിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് കാർഡിഫ് തങ്ങളുടെ രണ്ടാമത്തെ ഗോൾ നേടിയത്. ആരോൺ ഗുണ്ണർസണിന്റെ പാസിൽ നിന്ന് റീഡ് തന്നെയാണ് രണ്ടാമത്തെ ഗോളും നേടിയത്. ജയത്തോടെ റെലെഗേഷൻ സോണിൽ നിന്ന് രക്ഷപെടാൻ കാർഡിഫിനു വെറും രണ്ടു പോയിന്റ് മതി. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ചെൽസിയെ നാണംകെടുത്തിയ ബൗൺമൗത്തിനു തോൽവി നിരാശ നൽകുന്നതായി. പ്രീമിയർ ലീഗിൽ അവസാനം കളിച്ച 7 എവേ മത്സരങ്ങൾ തോറ്റു എന്ന നാണക്കേടും ഇതോടെ ബൗൺമൗത്തിന് ലഭിച്ചു.

Exit mobile version