സാദിയോ മാനെ മാർച്ച് മാസത്തെ മികച്ച താരം

ലിവർപൂൾ താരം സാദിയോ മാനെ മാർച്ച് മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ലിവർപൂൾ പരിശീലകൻ യോർഗൻ ക്ളോപ്പ് പ്രീമിയർ ലീഗിലെ മാർച്ച് മാസത്തെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർച്ച് മാസത്തിൽ ലിവർപൂളിന് വേണ്ടി മാനെ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. സൂപ്പർ താരം മുഹമ്മദ് സല ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ മാനെയാണ് ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

മാർച്ച് മാസത്തിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഈ സെനഗൽ താരം നേടിയിട്ടുണ്ട്. ബേൺലിക്കെതിരെ രണ്ടു ഗോളുകളും ഫുൾഹാമിനെതിരെ ഒരു ഗോളും മാർച്ച് മാസത്തിൽ മാനെ നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് മാനെ മികച്ച താരത്തിനുള്ള ഈ അവാർഡ് സ്വന്തമാക്കുന്നത്. നേരത്തെ 2017 ഓഗസ്റ്റിലും മാനെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിവർപൂൾ താരം ആന്റി റോബർട്സൺ, എവർട്ടൺ താരം കോൾമാൻ, മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവ, ലെസ്റ്റർ താരം ജാമി വാർഡി, സൗത്താംപ്ടൺ താരം ജെയിംസ് വാർഡ് പ്രൗസ് എന്നിവരെ പിന്തള്ളിയാണ് മാനെ അവാർഡ് കരസ്ഥമാക്കിയത്.

Exit mobile version