29കാരൻ റയാൻ മേസൺ ഇനി സ്പർസിനെ നയിക്കും

20210420 162126
- Advertisement -

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ സ്പർസ് താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു. ഈ സീസൺ അവസാനം വരെ മേസൺ ആകും സ്പർസിനെ പരിശീലിപ്പിക്കുക. 29കാരനായ റയാൻ മേസൺ മുൻ സ്പർസ് താരമാണ്. 2016വരെ സ്പർസിന്റെ താരമായിരുന്നു മേസൺ. സ്പർസിനായി 70 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഹൾസിറ്റിക്കായി കളിക്കുന്നതിനിടയിൽ പറ്റിയ പരിക്ക് കാരണം താരം ഫുട്ബോളിൽ നിന്ന് വിരമിക്കുകയായിരുന്നു. അവസാന കുറച്ച് കാലമായി സ്പർസിന്റെ അക്കാദമിയിലും മറ്റുമായി പ്രവർത്തിക്കുക ആയിരുന്നു. സ്പർസ് പ്ലയർ മാനേജ്മന്റ് ഹെഡായി കഴിഞ്ഞ വർഷം നിയമിക്കപ്പെട്ടു. മേസണ് ഒപ്പം സഹ പരിശീലകരായി ലെഡ്ലി കിങ്, ക്രിസ് പവൽ, ഗിബ്സ്, വോർമ് എന്നിവർ ഉണ്ട്. ബുധനാഴ്ച സൗതാമ്പ്ടണ് എതിരായ മത്സരമാകും മേസന്റെ കീഴിലെ ആദ്യ മത്സരം. അതിനു പിന്നാലെ ലീഗ് കപ്പ് ഫൈനലും വരുന്നുണ്ട്. ചുമതല ഏൽക്കുന്നതിലൂടെ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി മേസൺ മാറും.

Advertisement