ഫ്രാങ്ക് ലംപാർഡിന് ആശ്വാസ വാർത്ത, റൂഡിഗർ തിരിച്ചെത്തുന്നു

ചെൽസിയുടെ ഡിഫൻഡർ അന്റോണിയോ റൂഡിഗർ പരിക്ക് മാറി തിരിച്ചെത്തുന്നു. സീനിയർ ടീമിലേക്ക് മടങ്ങി എത്തുന്നതിന് മുന്നോടിയായി താരം ഇന്ന് ചെൽസിയുടെ റിസർവ് ടീമിന് വേണ്ടി കളിക്കും. സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം. പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകളുടെ പേരിൽ ഏറെ വിമർശനം നേരിടുന്ന ചെൽസിക്കും പരിശീലകൻ ലംപാർഡിനും ഈ വാർത്ത ഏറെ ആശ്വാസകരമാകും.

ഏപ്രിൽ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയുള്ള മത്സരത്തിന് ഇടയിലാണ് ജർമ്മൻ ദേശീയ താരമായ റൂഡിഗർ പരിക്കേറ്റ് പുറത്താകുന്നത്. പിന്നീട് പ്രീ സീസണിലും ചെൽസിയുടെ ആദ്യത്തെ 3 മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. 26 വയസുകാരനായ റൂഡിഗർ ആണ് നിലവിൽ ചെൽസി സെന്റർ ബാക്കുകളിൽ ഏറ്റവും പരിചയ സമ്പന്നത ഉള്ള ആൾ. താരം പരിപൂർണ്ണ കായിക ക്ഷമത വീണ്ടെടുത്താൽ ലംപാർഡ് ആദ്യ ഇലവനിൽ താരത്തെയാവും പരിഗണിക്കുക. നിലവിൽ അന്ദ്രീയാസ് ക്രിസ്റ്റിയൻസൺ, കുർട് സൂമ എന്നിവരാണ് ചെൽസിയുടെ സെന്റർ ബാകുകൾ. യുവ താരം ടിമോറി മാത്രമാണ് ബാക്കപ്പ് ആയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജർമ്മൻ താരത്തിന്റെ വരവ് ലംപാർഡിന് ഏറെ സഹായകരമാകും.

Previous articleപുസ്കാസ് നോമിനേഷനുകൾ എത്തി, മെസ്സിയും ഇബ്രാഹിമോവിചും മികച്ച ഗോൾ പട്ടികയിൽ (വീഡിയോ)
Next articleസഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്