സ്വാൻസികെതിരെ ചെൽസിക്ക് ജയം

സ്വന്തം മൈതാനത്തു ചെൽസി വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തി. മികച്ച പ്രതിരോധം നടത്തിയ സ്വാൻസിയെ എതിരില്ലാത്ത 1 ഗോളിനാണ് ചെൽസി മറികടന്നത്. അന്റോണിയോ റൂഡിഗറിന്റെ ഹെഡ്ഡർ ഗോളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്.

ലിവർപൂളിന് എതിരായി കളിച്ച ടീമിൽ നിന്ന് 4 മാറ്റങ്ങളുമായാണ് ചെൽസി ഇന്നിറങ്ങിയത്. ഹസാർഡ്, ആസ്പിലിക്വറ്റ, ബകയോക്കോ, ഡ്രിങ്ക് വാട്ടർ എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ഫാബ്രിഗാസ്, റൂഡിഗർ,വില്ലിയൻ, പെഡ്രോ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ ആധിപത്യമാണ്‌ ചെൽസി പുലർത്തിയത്. നിരന്തരം അവർ അവസരം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ ചെൽസിക്ക് പലപ്പോഴും പിഴച്ചപ്പോൾ ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതിയിൽ മാത്രം 11 ഷോട്ടുകളാണ് ചെൽസി തൊടുത്തത്. സ്വാൻസിയാവട്ടെ ഒരു ഷോട്ട് പോലും ചെൽസിക്കെതിരെ നേടാനായില്ല. ഇതിനിടയിൽ സ്വാൻസിയുടെ സമയം പാഴാക്കലിനെതിരെ പ്രതികരിച്ച ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേയെ റഫറി ടച്ച് ലൈനിന് അരികെ നിന്നും സ്റ്റാന്റിലേക്ക് പുറത്താക്കിയിരുന്നു.

രണ്ടാം പകുതിയിൽ റെനാറ്റോ സാഞ്ചസിന് പകരം ലിറോയ് ഫെർ നെ ഇറക്കിയാണ് സ്വാൻസി പരിശീലകൻ പോൾ ക്ലെമന്റ് ഇറക്കി. പക്ഷെ മത്സരത്തിന്റെ രണ്ടാം പകുതിയും ചെൽസിയുടെ നിയന്ത്രണത്തിലായിരുന്നു. 55 ആം മിനുട്ടിലാണ് ചെൽസി കാത്തിരുന്ന ഗോൾ പിറന്നത്. എൻഗോളോ കാന്റെയുടെ ഷോട്ട് വിൽഫ്രഡ് ബോണിയുടെ ദേഹത്ത് തട്ടി ദിശ മാറിയെങ്കിലും റൂഡിഗർ മികച്ച ഹെഡ്ഡറിലൂടെ ഗോളാക്കി. മത്സരം 75 മിനുറ്റ് പിന്നിട്ടതോടെ സപകോസ്റ്റ, പെഡ്രോ, വില്ലിയൻ എന്നിവരെ പിൻവലിച്ച് ഡ്രിങ്ക് വാട്ടർ, ഹസാർഡ്, വിക്ടർ മോസസ് എന്നിവരെ ഇറക്കി. അവസാന മിനുട്ടുകളിൽ ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ഒഴിച്ചാൽ സ്വാൻസിക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. പതിവിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടും കൂടുതൽ ഗോൾ നേടാൻ പറ്റാതെ പോയത് മാത്രമാവും ചെൽസിക്ക് മത്സരത്തിൽ പറ്റിയ ഏക പിഴവ്.

ജയത്തോടെ 29 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്ത് തുടരും. 9 പോയിന്റുള്ള സ്വാൻസി 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial