റോസ് ബാർക്ലി ചെൽസിയിലേക്ക് തന്നെ മടങ്ങും

Ross Barkley Aston Villa

ചെൽസിയിൽ നിന്നും ലോണിൽ ആസ്റ്റൺ വില്ലയിൽ എത്തിയ മിഡ്ഫീൽഡർ റോസ് ബാർക്ലി ഈ സീസണിന്റെ അവസത്തോടെ ചെൽസിയിലേക്ക് തന്നെ മടങ്ങും. താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ലോൺ കാലാവധി കഴിഞ്ഞാൽ ബാർക്ലി ചെൽസിയിലേക്ക് തന്നെ മടങ്ങുമെന്നും ആസ്റ്റൺ വില്ല പരിശീലകൻ ഡീൻ സ്മിത്ത് പറഞ്ഞു.

ചെൽസിയിൽ ഫ്രാങ്ക് ലമ്പാർഡ് പരിശീലകനായി ഇരിക്കുന്ന സമയത്താണ് ബാർക്ലി ലോണിൽ ആസ്റ്റൺ വില്ലയിൽ എത്തിയത്. സീസണിന്റെ തുടക്കത്തിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ബാർക്ലിക്ക് തുടർന്ന് മികച്ച ഫോം തുടരാൻ ആയിരുന്നില്ല. ആസ്റ്റൺ വില്ലക്ക് വേണ്ടി ഈ സീസണിൽ 20 മത്സരങ്ങൾ കളിച്ച ബാർക്ലി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെൽസിയിൽ 2 വർഷത്തെ കരാർ കൂടി ബാക്കിയുള്ള റോസ് ബാർക്ലി ചെൽസിയിലേക്ക് തിരിച്ചെത്തിയാലും പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ അവസരങ്ങൾ കിട്ടുമോ എന്ന് ഉറപ്പില്ല.