റൂണി എവർട്ടണിലേക്ക്?

ഫസ്റ്റ് ഇലവെനിൽ കളിയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഓൾഡ് ട്രാഫോഡ് വിടാൻ ക്യാപ്റ്റൻ വെയ്ൻ റൂണിയോട് ജോസ് മൗറീഞ്ഞോ പറഞ്ഞതായി ESPN FC റിപ്പോർട്ട് ചെയ്യുന്നു.

31കാരനായ റൂണി തന്റെ ആദ്യ ഇലവനിൽ സ്ഥിരമായി കളിക്കുന്ന കാര്യം ഉറപ്പ് നൽകാനാവില്ലെന്ന് മൗറീഞ്ഞോ റൂണിയുടെ ഉപദേശകരോട് അറിയിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോയിൽ റൂണിയെ വിൽക്കാൻ സാധ്യത ഇല്ലെങ്കിലും യുണിറ്റഡിൽ റൂണിയുടെ ഭാവി അത്ര ശുഭകരമായിരിക്കില്ല എന്നാണ് മൗറീഞ്ഞോ അറിയിച്ചിരിക്കുന്നത്.

റൂണിയെ ഈ സീസണിൽ പത്താം നമ്പർ സ്ഥാനത്തും സ്‌ട്രൈക്കർ സ്ഥാനത്തും മൗറീഞ്ഞോ പരീക്ഷിച്ചിരുന്നു, പക്ഷെ തന്റെ വേഗത നഷ്ടപ്പെട്ട റൂണി അതിലൊക്കെ പരാജയമാവുകയായിരുന്നു.

ചെൽസിക്ക് എതിരെ 4-0ന് തോറ്റ മത്സരത്തിൽ പരിക്ക് മൂലം റൂണി കളിച്ചിരുന്നില്ല. ഈ സീസണിൽ ഇതുവരെ ആകെ ഒരു ഗോൾ മാത്രമാണ് റൂണി നേടിയിട്ടുള്ളത്.

ഗോൾ വരൾച്ച നേരിടുന്നു എങ്കിലും റൂണിക്കുള്ള കളിയുടെ ഗതി മനസിലാക്കാനുള്ള കഴിവും പന്ത് പാസ്സ് ചെയ്യാനുള്ള കഴിവും മൗറീഞ്ഞോക്ക് പരമാവധി മുതലാക്കാവുന്നതാണ്.

റൂണിക്ക് ഇനി എന്ത്?

മാഞ്ചസ്റ്റർ യുണൈറ്റഡ് റൂണിയെ വിൽക്കുന്ന പക്ഷം റൂണി, തന്റെ മുൻഗാമികളായ ഡേവിഡ് ബെക്കാം, സ്റ്റിവൻ ജറാഡ്, ഫ്രാങ്ക് ലംപാർഡ് എന്നിവരുടെ പാത പിന്തുടർന്ന് അമേരിക്കയിലെ MLSൽ ചേരാവുന്നതാണ്. ചൈനീസ് ലീഗും റൂണിക്ക് മുൻപിലുള്ള മറ്റൊരു ഓപ്‌ഷനാണ്. എങ്കിലും മത്സരങ്ങളുടെ നിലവാരം കണക്കിലെടുക്കുമ്പോൾ റൂണി ചൈനീസ് ലീഗിൽ നിന്നും വിട്ടു നിൽക്കാനാണ് സാധ്യത.

റൂണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കുകയാണെങ്കിൽ അത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ സാധ്യത കല്പിക്കപ്പെടുന്ന ടീം എവർട്ടൻ ആണ്. തന്റെ പഴയ ക്ലബിൽ ആദ്യ ഇലവനിൽ റൂണിക്ക് സ്ഥാനം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഈ അവസരം റൂണി സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. എവർട്ടൻ മാനേജർ റൊണാൾഡ്‌ കീമെൻ റൂണി വരുന്നത് സ്വാഗതം ചെയ്തിട്ടുണ്ട്. ടീമിലെ യുവ താരങ്ങൾക്ക് പ്രചോദനമേകാൻ റൂണിയെപോലുള്ള ഒരു കളിക്കാരൻ വരുന്നത് റൊണാൾഡ്‌ കീമെന് മുതൽകൂട്ടാവും.