പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് റൂണിയുടെ 200ാം ഗോൾ

- Advertisement -

പ്രീമിയർ ലീഗ് ചരിത്രത്തിൽ റൂണിയുടെ പേര് ഒരിക്കൽ കൂടി. പ്രീമിയർ ലീഗിൽ 200 ഗോൾ ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി വെയിൻ റൂണി. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യ പാദത്തിൽ എവർട്ടനു വേണ്ടി നേടിയ ഗോളാണ് വെയിൻ റൂണിയെ 200 ഗോൾ ക്ലബിൽ എത്തിച്ചത്. 462 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായിരുന്നു വെയിൻ റൂണിയുടെ ഈ നേട്ടം.

റൂണിയെ കൂടാതെ 200 ക്ലബിൽ ഉള്ള ഒരേയൊരു താരം മുൻ ന്യൂകാസിൽ യുണൈറ്റഡ് താരമായ അലൻ ഷിയററാണ്. 441 മത്സരങ്ങളിൽ 261 ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയിട്ടുള്ള ഷിയററാണ് പ്രീമിയർ ലീഗിലെ എക്കാലത്തേയും ടോപ്പ് സ്കോറർ. റൂണിയുടെ പ്രീമിയർ ലീഗിലെ 50ാം ഗോളും 150ാം ഗോളും ഇപ്പോൾ 200ാം ഗോളും റൂണി നേടിയത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്.

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും ടോപ്പ് സ്കോറർ എന്ന റെക്കോർഡും റൂണി സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നാഷണൽ ടീമിന്റേയും എക്കാലത്തേയും ടോപ്പ് സ്കോറർ റൂണിയാണ്. ഈ സീസണിലാണ് വെയിൻ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തന്റെ പഴയ ക്ലബായ എവർട്ടണിൽ എത്തിയത്. എവർട്ടണു വേണ്ടി ഇറങ്ങിയ രണ്ടു പ്രീമിയർ ലീഗ് മത്സരത്തിലും ഗോളടിച്ചു കൊണ്ട് എവർട്ടണിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് റൂണി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement