റിച്ചാര്‍ലിസന്‍: മാര്‍ക്കോ സില്‍വയുടെ ബ്രസീലിയന്‍ വജ്രായുധം

- Advertisement -

പ്രീമിയർ ലീഗിൽ ഇപ്പോൾ മികച്ച ഫോമിലുള്ള ബ്രസീൽ താരം ആരെന്ന് ചോദിച്ചാൽ അതിനുത്തരം തല മുതിർന്ന താരങ്ങളായ ഫെര്ണാണ്ടിഞ്ഞോയോ, വില്ലിയനോ, ഡേവിഡ് ലൂയിസോ, മാൻസിറ്റി യുടെ യുവ താരം ഗബ്രിയേൽ ഹെസൂസോ ഒന്നുമല്ല. അതിനുത്തരം മാർക്കോസ് സിൽവയുടെ വാട്ട്ഫോർഡ് ആക്രമണ നിരയുടെ ജീവനായ റിച്ചാർലിസൻ എന്ന ഇരുപതുകാരൻ പയ്യനാണ്. വേഗതയും കൃത്യതയും നിറഞ്ഞ നീക്കങ്ങളിലൂടെ എതിർ പ്രതിരോധകാർക്ക് തലവേദനയാവുമ്പോൾ മാർക്കോസ് സിൽവയുടെ വാട്ട്ഫോഡിലെ ആദ്യ സീസണിലെ ഏറ്റവും വലിയ സർപ്രൈസും റിച്ചാർലിസൻ ആണ്.

ബ്രസീൽ ടീമായ ഫ്ലുമിനെൻസെയിൽ നിന്നാണ് റിച്ചാർലിസൻ വാട്ട് ഫോഡിന്റെ ആക്രമണ നിരയിലേക്ക് എത്തുന്നത്. വെറും 12 മില്യണിന്റെ കരാറിൽ എത്തിയ താരം വാട്ട് ഫോർഡ് ബെഞ്ചിലാവും സ്ഥാനം എന്ന് കരുത്തിയവരെ ഞെട്ടിച് റിച്ചാർലിസൻ ഏറെ വൈകാതെ വാട്ട്ഫോഡിന്റെ ആദ്യ ഇലവനിൽ തന്നെ ഇടം നേടി. പ്രീമിയർ ലീഗ് ഓപ്പണിങ് ഡേയിൽ ലിവർപൂളിനെതിരായ 3-3 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസൻ ആഗസ്റ്റ് 19 ന് ബൗർന്മൗത്തിനെതിരെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി. ഇതുവരെ 12 മത്സരങ്ങളിൽ 5 ഗോളുകൾ നേടിയ താരം ചെൽസികെതിരായി നഷ്ടപ്പെടുത്തിയ ഏതാനും അവസരങ്ങൾ മാറ്റി നിർത്തിയാൽ ലീഗിലെ തന്നെ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ്. ഏത് പ്രതിരോധ നിരയേയും ഭയമില്ലാതെ ആക്രമിക്കാൻ ഉള്ള ധൈര്യമാണ് റിച്ചാർലിസന്റെ കളിയുടെ പ്രത്യേകത. ഒരു 20 കാരന് വേണ്ടതിൽ അധികം പക്വതയും കൂടിയാവുമ്പോൾ മാർക്കോസ് സിൽവക്ക് റിച്ചാർലിസന്റെ പ്രതിഭയുടെ മാറ്റ് കൂട്ടുക എന്നത് എളുപ്പമാകും.

1997 ഇൽ ബ്രസീലിലെ നോവ വെനീസിയായിൽ ജനിച്ച റിച്ചാർലിസൻ കൗമാരത്തിൽ ഐസ് ക്രീം വിൽപന നടത്തിയാണ് തന്റെ ദാരിദ്ര്യ കുടുംബത്തെ സഹായിച്ചിരുന്നത്. ഫുട്ബോൾ ഏജന്റ് വലസ്കോ റിച്ചാർലിസന്റെ ഫുട്‌ബോളിലെ പ്രതിഭ കണ്ടെത്തിയതോടെ 2014 ഇൽ താരം തന്റെ ആദ്യ പ്രൊഫഷണൽ കരാറിൽ ഒപ്പിട്ടു. അമേരിക്ക മിനെയ്റോ ആയിരുന്നു ക്ലബ്ബ്. 2016 ഇൽ ബ്രസീൽ ക്ലബ്ബ് ഫുട്‌ബോൾ വമ്പന്മാരായ ഫ്‌ളുമിനെൻസെയിലേക്ക് 2 മില്യൺ യൂറോയുടെ കരാറിൽ എത്തി അവിടെയും മികച്ച പ്രകടനം നടത്തിയതോടെയാണ് യുറോപ്യൻ ക്ലബ്ബ്കൾ റിച്ചാർലിസനെ നോട്ടമിട്ടത്. അയാക്‌സും രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ വാട്ട്ഫോഡ് താരത്തെ സ്വന്തമാകുകയായിരുന്നു. 

ഇംഗ്ലീഷ് ഫുട്‌ബോളിൽ വെറും 4 മാസം മാത്രം കളിച്ച റിച്ചാർലിസനെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ വൻ ക്ലബ്ബ്കളായ ടോട്ടൻഹാമും ചെൽസിയും കരുക്കൾ നീക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിലെ പ്രകടനം തുടർന്നാൽ താരങ്ങൾ ഏറെയുള്ള ബ്രസീൽ ദേശീയ ടീമിലും വൈകാതെ റിച്ചാർലിസൻ എത്തും എന്ന് ഉറപ്പാണ്. ബ്രസീൽ അണ്ടർ 20 ടീമിനായി 10 മത്സരങ്ങൾ കളിച്ച റിച്ചാർലിസൻ അവർക്കായി 3 ഗോളുകളും നേടിയിട്ടുണ്ട്. 2018 ലോകകപ്പ് ടീമിൽ ഇടം ലക്ഷ്യമിട്ട് റിച്ചാർലിസൻ ഫോം തുടർന്നാൽ പ്രീമിയർ ലീഗിലെ വമ്പന്മാരുടെ അടക്കം വല ബ്രസീലിന്റെ ഈ ഭാവി വാഗ്ദാനം നിറക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement