ചുവപ്പ് കാർഡിനും സതാമ്പ്ടണെ പിടിച്ചുകെട്ടാൻ ആയില്ല, പത്തുപേരെ വെച്ച് ലെസ്റ്ററിനെ വീഴ്ത്തി

കളിയുടെ പകുതി സമയവും 10 പേരുമായി കളിക്കുക. അതും ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ‌. എന്നിട്ടും മൂന്ന് പോയന്റുമായി മടങ്ങുക. അതാണ് ഇന്ന് സതാമ്പ്ടൺ ചെയ്തത്. കളിയുടെ രണ്ടാം പകുതി മുഴുവനായും 10 പേരുമായി കളിച്ചിട്ടും 2-1ന്റെ വിജയം സതാമ്പ്ടൺ സ്വന്തമാക്കി. അവരുടെ റിലഗേഷൻ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ഈ പോയന്റുകൾ വലിയ വിലയുള്ളതാകും.

കളിയുടെ 11ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വാർഡ് ആണ് സതാമ്പ്ടണെ ആദ്യം മുന്നിൽ എത്തിച്ചത്. ലോംഗ് ആയിരുന്നു ആ പെനാൾട്ടി നേടിക്കൊടുത്തത്. കളിയുടെ 45ആം മിനുട്ടിൽ ചുവപ്പ് കാർഡ് പിറന്നു. യാൻ വലേരി ആണ് തന്റെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി 45മിനുട്ടിനകം തന്നെ കളം വിട്ടത്. അതോടെ തന്നെ കളി സതാമ്പ്ടണ് കൈവിട്ടു പോകും എന്ന് തോന്നിപ്പിച്ചു.

എന്നാൽ ചുവപ്പ് കാർഡിന് തൊട്ടു പിറകെ പിറന്ന ഗോൾ സതാമ്പ്ടണെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. ഷെയിൻ ലോംഗ് ആയിരുന്നു ആ ഗോൾ നേടിയത്. അത്യപൂർവ്വമായി മാത്രമെ ഈ അടുത്ത കാലത്ത് ലോംഗിന്റെ ബൂട്ടുകൾ ഗോൾ കണ്ടെത്താറുള്ളൂ. അങ്ങനെയിരു ദിവസമായിരുന്നു ഇന്ന്. അവസാന 73 മത്സരങ്ങളിൽ ലോംഗിന്റെ മൂന്നാം ഗോൾ മാത്രമായിരുന്നു ഇത്.

ഈ 2-0 ലീഡ് ശക്തമായ ഡിഫൻഡിംഗിലൂടെ ഒരു വിജയത്തിലേക്ക് സതാമ്പ്ടൺ എത്തിക്കുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. 58ആം മിനുട്ടിൽ എൻഡിഡിയിലൂടെ ഒരു ഗോൾ ലെസ്റ്റർ മടക്കി എങ്കിലും അതിനപ്പുറം സതാമ്പ്ടൺ ഡിഫൻസ് ഭേദിക്കാൻ ലെസ്റ്ററിനായില്ല. ഈ വിജയം സ്താമ്പ്ടണെ 19 പോയന്റിൽ എത്തിച്ചു. ഇപ്പോൾ 16ആം സ്ഥാനത്താണ് സതാമ്പ്ടൺ ഉള്ളത്.