Arsenal Goalkeeper Aaron Ramsdale2

പോസ്റ്റിന് കീഴിലെ വിശ്വസ്തൻ, റാംസ്ദേലിന് ദീർഘകാല കരാറുമായി ആഴ്സണൽ

സീസണിൽ തകർപ്പൻ ഫോമിലുള്ള ആഴ്സണലിന്റെ കുതിപ്പിന് ഊർജം പകർന്ന് പോസ്റ്റിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന ആരോൻ റാംസ്ദേലിന് പുതിയ കരാർ നൽകാൻ ആഴ്‌സനൽ. നിലവിൽ രണ്ട് സീസണിലേക്കുള്ള കരാർ ബാക്കി നിൽക്കെയാണ് പുതിയ കരാറുമായി ടീം മുൻപോട്ടു വരുന്നത്. വരുമാനത്തിലും വൻ കുതിച്ചു ചാട്ടമായിരിക്കും ടീം നൽകുന്നത്. ഇരുപത്തിനാലുകാരനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ആഴ്‌സനൽ ഇതോടെ ടീമിലെ സുപ്രധാന താരമായാണ് റാംസ്ദേലിനെ കണക്കാക്കുന്നത്.

ഷെഫീൽഡ് യുണൈറ്റഡിൽ നിന്നും 24മില്യൺ പൗണ്ടിനാണ് താരം 2021ൽ ആഴ്‌സനലിലേക്ക് എത്തുന്നത്. മികച്ച പ്രകടനത്തോടെ ഒന്നാം കീപ്പർ ആയി ഉയർന്ന ശേഷം പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂകാസിലിനെ കീഴടക്കിയ മത്സരത്തിൽ ഒരിക്കൽ കൂടി തന്റെ മികവ് ടീമിനായി റാംസ്ദേൽ പുറത്തെടുത്തു. സീസണിൽ ഡി ഹെയ കഴിഞ്ഞാൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ളതും താരത്തിന് തന്നെയാണ്. ബുകയോ സാക, വില്യം സലിബ എന്നിവരാണ് ആഴ്‌സനൽ അടുത്തതായി കരാർ നീട്ടാൻ ആഗ്രഹിക്കുന്ന താരങ്ങൾ.

Exit mobile version