
ഫോമില്ലാതെ കഷ്ടപ്പെടുന്ന ന്യൂ കാസിലിന് ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജ് മറികടക്കാനുള്ള കടമ്പ. മികച്ച ഫോമിലുള്ള ചെൽസിയെ അവരുടെ മൈതാനത്താണ് മറികടക്കേണ്ടത് എന്നത് റാഫ ബെനീറ്റസിന് കാര്യങ്ങൾ കൂടുതൽ കടുപ്പമാകും. മുൻ ചെൽസി പരിശീലകൻ കൂടിയായ റാഫക്ക് അവസാന 6 പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവി അറിയാത്ത ചെൽസി ടീമിനെയാണ് നേരിടാനുള്ളത്. ന്യൂ കാസിൽ ആവട്ടെ അവസാന 5 മത്സരങ്ങളിൽ ഒരു സമനില മാത്രമാണ് നേടാനായത്.
സ്വാൻസികെതിരെ നേടിയ ഒരു ഗോൾ ജയത്തിന് ശേഷമാണ് ചെൽസി ഇന്നിറങ്ങുന്നതെങ്കിൽ ന്യൂകാസിൽ വെസ്റ്റ് ബ്രോമിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ശേഷം നേടിയ സമനിലക്കു ശേഷമാണ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നത്. ചെൽസി നിരയിൽ ഇത്തവണയും പരിക്കേറ്റ ഡേവിഡ് ലൂയിസ്, ബാത്ശുവായി, ചാർളി മുസോണ്ട എന്നിവർ കളിച്ചേക്കില്ല. സ്വാൻസികെതിരായ മത്സരത്തിൽ കോണ്ടേ വിശ്രമം അനുവധിച്ച ആസ്പിലിക്വറ്റ, ഹസാർഡ്, ബകയോക്കോ എന്നിവർ ഇത്തവണ മടങ്ങിയെത്തിയേക്കും. സപകോസ്റ്റക്ക് പകരം വിക്ടർ മോസസും ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. ന്യൂ കാസിൽ പ്രതിരോധത്തിന്റെ നെടും തൂണായ ജമാൽ ലസേല്ലെസ് മടങ്ങിയെത്തുന്നത് അവർക്ക് ആത്മവിശ്വാസമേകും. പക്ഷെ ക്രിസ്ത്യൻ അറ്റ്സു കളിക്കാൻ സാധ്യതയില്ല.
ചെൽസിയുടെ താൽകാലിക പരിശീലകനായിരിക്കെ ഫാൻസിന് ഒട്ടും പ്രിയപ്പെട്ടവനല്ലാതിരുന്ന ബെനീറ്റസിനെ ചെൽസി ഫാൻസ് ഇന്ന് എങ്ങനെ സ്വീകരിക്കും എന്നതും ഇന്നത്തെ മത്സരത്തെ കൗതുകകരമാകുന്നു. അവസാനം ചെൽസി ന്യൂ കാസിലിനെ നേരിട്ടപ്പോൾ ചെൽസി 5-1 നാണ് ജയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial