ഗോളടിച്ചു കൂട്ടി ടെൻ ഹാഗിന്റെ ടീം, രണ്ടാം പ്രീസീസൺ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

പ്രീസീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയ തുടർച്ച. ഇന്ന് ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ മെൽബൺ വിക്ടറിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഇന്ന് മെൽബൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് പിറകിൽ പോയിരുന്നു. നാലാം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ക്രോനിസ് ഇകൊനൊമിഡിസ് ആണ് മെൽബൺ വിക്ടറിക് ലീഡ് നൽകിയത്.

ആദ്യ പകുതിയുടെ അവസാനം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചത്. 42ആം മിനുട്ടിൽ മധ്യനിര താരം മക്ടോമിനെ സമനില ഗോൾ നേടി. മക്ടോമിനയുടെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെയാണ് വലയിൽ കയറിയത്. ഇതിനു പിന്നാലെ മാർഷ്യൽ യുണൈറ്റഡിന് ലീഡും നൽകി. ഡാലോട്ടിന്റെ ക്രോസിൽ നിന്ന് വന്ന അവസരം മാർഷ്യൽ വലയിൽ എത്തിക്കുക ആയിരുന്നു.
20220715 172025
രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ വക മൂന്നാം ഗോൾ വന്നു. ഡിഫൻഡർ എറിക് ബയി അഡ്വാൻസ് ചെയ്ത് വന്ന് ഒരുക്കിയ അവസരമാണ് റാഷ്ഫോർഡ് ഗോളാക്കി മാറ്റിയത്. അവസാനം 90ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കൂടെ യുണൈറ്റഡിന് അനുകൂലമായി വന്നു. അതോടെ സ്കോർ 4-1 എന്നായി.
പ്രീസീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ 4-0നും തോൽപ്പിച്ചിരുന്നു. ഇനി ജൂലൈ 19ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും.