പ്രീമിയർ ലീഗിൽ തോൽവികളുടെ തുടർക്കഥയുമായി ഇംഗ്ലീഷ് യുവതാരം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നാലു വർഷം മുമ്പ് ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ വർഷമാണ് ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പൻ ടീമുകളിൽ ഒന്നായ ആസ്റ്റൻ വില്ല രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുന്നത്. ആ വർഷമാണ് മുൻ പ്രീമിയർ ലീഗ് ജേതാവും വില്ല പരിശീലകനായ ടിം ഷേർവുഡ് തന്റെ ടീമിൽ ജാക്ക് ഗ്രീലിഷ് എന്ന ഇംഗ്ലീഷ് യുവതാരത്തിന് പ്രീമിയർ ലീഗ് അരങ്ങേറ്റം സമ്മാനിക്കുന്നത്. പ്രതീക്ഷകൾ കാക്കുന്ന പ്രകടനം ആ സീസണിൽ പുറത്തെടുത്ത ഗ്രീലിഷിനു പക്ഷെ ടീം തരം താഴ്ത്തപ്പെടുന്നത് തടയാൻ ആയില്ല. ആ സീസണിൽ കളിച്ച ഒരു മത്സരവും ജയിക്കാനും ഗ്രീലിഷ് അടങ്ങിയ വില്ല ടീമിന് ആയില്ല. പിന്നീട് 3 വർഷം ഇംഗ്ലീഷ് രണ്ടാം ഡിവിഷനിൽ വില്ലയുടെ പ്രധാനതാരമായി മാറിയ ഗ്രീലീഷ് വില്ല ടീം ക്യാപ്റ്റൻ പദവിയിലും എത്തി. കഴിഞ്ഞ വർഷം ടോട്ടനം ഗ്രീലിഷിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും വില്ല തങ്ങളുടെ താരത്തെ വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല.

ഇത്തവണ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ വില്ലയെ നയിക്കുന്നതും ഗ്രീലീഷ് ആണ്. എന്നാൽ പ്രീമിയർ ലീഗിലെ തോൽവികൾ ഗ്രീലീഷിനെ വിടാതെ പിന്തുടരുന്ന കാഴ്ചയാണ് ഈ സീസണിലും തുടരുന്നത്. ഇന്ന് ബോർൺമൗത്തിനോട് അടക്കം തോറ്റ വില്ലയുടെ സീസണിലെ രണ്ടാം തോൽവിയാണ് ഇത്. അതായത് ഗ്രീലിഷ് കളിച്ച ഒരു പ്രീമിയർ ലീഗ് മത്സരവും വില്ലക്ക് ഇത് വരെ ജയിക്കാൻ ആയിട്ടില്ല എന്നതാണ് വാസ്തവം. ഇത് തുടർച്ചയായ 20 മത്തെ തവണയാണ് ഗ്രീലിഷ് അടങ്ങിയ ടീം പ്രീമിയർ ലീഗ് പരാജയം അറിയുന്നത്. മികച്ച യുവതാരമായ ഗ്രീലീഷിന്റെ ഈ ദുർഭാഗ്യം തെല്ലൊരു അത്ഭുതത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. എന്നാൽ ഉടൻ തന്നെ തന്റെ പരാജയങ്ങൾ ജയത്തോടെ മറികടക്കാൻ ഗ്രീലീഷിനു ആവുമെന്ന് പ്രതീക്ഷിക്കാം. എവർട്ടൺ ആണ് അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ വില്ലയുടെ എതിരാളികൾ.