അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രീമിയര്‍ ലീഗ് ആരവം

- Advertisement -

അന്താരാഷ്ട്ര മത്സരങ്ങൾക്കായ് പിരിഞ്ഞ് 2 ആഴ്ചക്ക് ശേഷം പ്രീമിയർ ലീഗ് ആവേശത്തിന് ഇന്ന് വീണ്ടും തുടക്കമാവും. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാനെന്നോണം മാഞ്ചസ്റ്റർ യുണൈറ്റഡ്- ആർസനൽ സൂപ്പർ പോരാട്ടതോടെയാണ് ഈ ആഴ്ചത്തെ മത്സരങ്ങൾ തുടങ്ങുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസനൽ

പ്രമുഖ താരങ്ങളുടെ പരിക്കും മറ്റു ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ഇരു ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിൽ പരിശീലകൻ മൗറീഞ്ഞോയുടെ സ്ഥിരം കളിക്കാർ ഒക്കെ പരിക്കിന്റെ പിടിയിലാണ്. ആർസനലിലാവട്ടെ മുന്നേറ്റ നിര താരം അലക്സി സാഞ്ചെസ് കളിക്കാൻ ഇടയില്ല. മധ്യ നിരയിൽ സാന്റി കാസോളയടക്കം ആദ്യമേ പരിക്കിന്റെ പിടിയിലായ ആർസനലിന് സാഞ്ചെസിന്റെ അഭാവം വലിയ നഷ്ടമാക്കും. സാഞ്ചെസിന്റെ അഭാവത്തിൽ ഒലിവിയെ ജിറൂദ് ആക്രമണ നിരയിൽ മടങ്ങിയെത്തിയേക്കും.

ഓൾഡ്ട്രാഫോഡിൽ മൗറീഞ്ഞോക്കെതിരെ ഒരു ജയം ആർസനൽ പരിശീലകൻ വെങ്ങറിനു അനിവാര്യമാണ്. പ്രീമിയർ ലീഗിൽ മൗറീഞ്ഞോ പരിശീലിപ്പിച്ച ടീമിനെതിരെ ജയം കാണാനാവാത്ത വെങ്ങർ ആദ്യ ജയമാവും ലക്ഷ്യമിടുക.

യുണൈറ്റഡ് നിരയിൽ സസ്പെൻഷനിലായ സ്ലാട്ടൻ ഇബ്റാഹീമോവിചിന് പകരക്കാരനായി മാർകസ് രാഷ്ഫോഡ് സ്ട്രൈക്കർ പൊസിഷനിൽ കളിച്ചേക്കും. പ്രതിരോധ നിരയിൽ കഴിഞ്ഞ കളിയിൽ മൗറിഞൊ അവസരം നൽകിയ മാർകസ് റോഹോ, ആഷ്ലി യങ് എന്നിവർ സ്ഥാനം നിലനിർത്തിയേക്കും.

എവർട്ടൻ- സ്വാൻസി

കഴിഞ്ഞ മത്സരത്തിൽ ചെൽസിയോട് ഏറ്റ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്ന് താരതമ്യേന ദുർബലരായ സ്വാൻസിയോട് ജയം കണ്ട് ആത്മവിശ്വാസം വീണ്ടെടുക്കാനാവും എവർട്ടൻ പരിശീലകൻ കൂമാന്റെ ശ്രമം. മത്സരം സ്വന്തം മൈതാനമായ ഗോഡിസൻ പാർക്കിൽ ആണെന്നതും അവരുടെ ജയ പ്രതീക്ഷ വർധിപ്പിക്കും.

ഏവർട്ടൻ നിരയിൽ സസ്പെൻഷെനിലായ ഗാരേത് ബാരിക്ക് കളിക്കാൻ ആവില്ല. സ്വാൻസി നിരയിൽ ഡെയർ തിരിച്ചെത്തിയേക്കും.

ചെൽസിക്കെതിരെ പരാജയപ്പെട്ടെങ്കിലും ലുകാകു- ബോളാസി- ബാർക്ലി സഖ്യത്തിൽ തന്നെയാവും ഏവർട്ടന്റെ പ്രതീക്ഷ. കഴിഞ്ഞ 10 കളികളിൽ ജയം കാണാനാവാത്ത സ്വാൻസി 19 ആം സ്ഥാനത്താണ്. മികച്ച രീതിയിൽ സീസൺ തുടങ്ങിയ ഏവർട്ടൻ 7 ആം സ്ഥാനത്തും.

മാഞ്ചസ്റ്റർ സിറ്റി- ക്രിസ്റ്റൽ പാലസ്

കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം പോയിന്റ് നഷ്ടപെടുത്തിയ 2 ടീമുകൾ തമ്മിലുള്ള മത്സരം. കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്ബ്രോയോട് അവസാന നിമിഷമാണ് സിറ്റി സമനില വഴങ്ങിയത്, പാലസും ബേൺലിയോട് തോൽവി വഴങ്ങിയത് അവസാന നിമിഷത്തിൽ തന്നെ.

എതിരാളികളെ നിഷ്പ്രഭമാക്കികൊണ്ടു സീസൺ തുടങ്ങിയ പെപ് ഗാര്ഡിയോളയുടെ സിറ്റി പക്ഷെ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ പോയിന്റ് നഷ്ടപെടുത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ കടലാസിൽ സിറ്റി ടീം മികച്ചതാണെങ്കിലും ക്രിസ്റ്റൽ പാലസിന്റെ ഗ്രൗണ്ടിൽ സിറ്റിക്ക് പോരാട്ടം കൊടുത്തത് തന്നെയാവും.

പാലസ് ഗോൾ കീപ്പർ സ്റ്റീവ് മണ്ടെണ്ട കാലിനേറ്റ പരിക്ക് കാരണം കളിച്ചേക്കില്ല. പകരക്കാരനായി ഹെന്നീസി കളിച്ചേക്കും. സിറ്റി നിരയിൽ അന്താരാഷ്ട്ര മത്സരങ്ങൾ ശേഷം പരിക്കിന്റെ സംശയത്തിലുള്ള ഡേവിഡ് സിൽവ കളിക്കുമോ എന്ന് ഉറപ്പില്ല. പക്ഷേ ഡിഫൻഡർ ബകാരി സാഗ്ന ടീമിൽ തിരിച്ചെത്തിയത് ഗാര്ഡിയോളക്കു ആശ്വാസമാകും.

ലിവർപൂൾ- സൗത്താംപ്ടൺ

മിന്നും ഫോമിലുള്ള ലിവർപൂളിനെ സ്വന്തം ഗ്രൗണ്ടിൽ നേരിടാൻ ഇറങ്ങുമ്പോൾ അത് തന്നെയാവും സൗത്താംപ്ടൺടെ ആശ്വാസം. സ്വന്തം മൈതാനത്തു മികച്ച പ്രകടനം പുറത്തെടുക്കുന്ന സൗത്താംപ്ടൺ പ്രകടനം ആവർത്തിച്ചാൽ ക്ളോപ്പിന്റെ ടീമിന് ജയിക്കാൻ പ്രയാസപ്പെടേണ്ടി വരും.

പ്രീമിയർ ലീഗ് ടേബിളിൽ മുകളിലാണെങ്കിലും ദുർബലരായ ടീമുകൾ പോലും തങ്ങൾക്കെതിരെ ഗോൾ നേടുന്നു എന്നത് ലിവർപൂളിനെ ആശങ്കയിലാഴ്ത്തും. ലിവർപൂൾ പ്രതിരോധത്തിലെ അവസരങ്ങൾ മുതലാക്കാൻ തന്നെയാവും സൗതാംപ്ടന്റെ ശ്രമം.

ലിവർപൂൾ നിരയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കിടക് പരിക്കിന്റെ പിടിയിലായ ആദം ലല്ലാന കളിച്ചേക്കില്ല, ബ്രസീൽ താരം കുട്ടിഞ്ഞൊയും കളിക്കുമോ എന്ന് ഉറപ്പില്ല. എന്നാൽ വൈനാൾഡം ടീമിൽ തിരിച്ചെത്തിയേക്കും.

സൗത്താംപ്ടൺ നിരയിൽ ഫോസ്റ്റർ, ടാടിക് എന്നിവർ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.
മുൻ സൗത്താംപ്ടൺ താരമായ മാനെ ലിവർപൂൾ കളിക്കാരൻ ആയ ശേഷം സൗത്താംപ്ടനെതിരെ കളിക്കുന്ന ആദ്യ കളിയാവും ഇന്നത്തേത്.

ലെസ്റ്റർ സിറ്റി – വാട്ട്ഫോർഡ്

സ്വന്തം ഗ്രൗണ്ടിൽ ചാമ്പ്യന്മാരെ നേരിടുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് ഏറ്റ കനത്ത തോൽവിയിൽ നിന്ന് മോക്ഷം നേടാനാവും വാട്ട് ഫോർഡുകാരുടെ ശ്രമം.

വാട്ട് ഫോർഡ് നിരയിൽ ഡിഫൻഡർ സെബാസ്റ്റൈൻ പ്രൊഡൽ തിരിച്ചെത്തുന്നത് അവർക്ക് വലിയ ആശ്വാസമാകും.

പോയിന്റ് ടേബിളിൽ 14 ആം സ്ഥാനത്തുള്ള ലെസ്റ്ററിന് ഒരു ജയത്തിൽ കുറഞ്ഞതൊന്നും തൃപ്തിയാവില്ല. പക്ഷെ വാട്ട് ഫോഡിന് ഒരു ജയം ടോപ് 6 ഇൽ കടക്കാനുള്ള അവസരമാണ് എന്നത് കൂടുതൽ മികച്ച പ്രകടനം നടത്താൻ പ്രചോദനമായേകും.

ലെസ്റ്റർ നിരയിൽ മധ്യ നിര താരം ഡാനി ഡ്രിങ്ക് വാട്ടർ കളിക്കുമോ എന്ന് ഉറപ്പില്ല. ഡമാറി ഗ്രെയും പരിക്കിന്റെ പിടിയിലാണ്. സ്വന്തം ഗ്രൗണ്ടിൽ മികച്ച റെക്കോര്ഡുള്ള വാട്ട്ഫോഡിനെതിരെ ജയം കാണുക എന്നത് റെനിയേരിയുടെ ശിഷ്യന്മാർക്ക് കടുത്ത ജോലി തന്നെയാവും. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയാൽ ട്രോയ് ഡീനിക്കു വാട്ട് ഫോഡിനായി 100 ഗോളുകൾ എന്ന നേട്ടം പൂർത്തീകരിക്കാനാവും.

സണ്ടർലാൻഡ് – ഹൾ സിറ്റി

മോശം ഫോമിൽ ആണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ജയം കണ്ട 2 ടീമുകളുടെ മത്സരം.
സീസണിലെ ആദ്യ ജയം കണ്ട ബേൺമൗത്തിനെതിരായ മത്സരത്തിന് ശേഷം ജയം ലക്ഷ്യമിട്ടു തന്നെയാവും മോയസ് തന്റെ ടീമിനെ ഒരുക്കുക. ഹൾ ആവട്ടെ കരുത്തരായ സൗത്താംപ്ടനെതിരെ പൊരുതി നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലുമാവും മത്സരത്തിന് ഇറങ്ങുക.

സണ്ടർലാൻഡ് മധ്യ നിര താരം ലീ കാറ്റെർമോൾ പരിക്ക് കാരണം പുറത്താണ്. ആനിബച്ചേ കളിച്ചേക്കും.

ഹൾ സിറ്റിയിൽ പരിക്കിന്റെ പിടിയിലുള്ള വിൽ കീൻ കളിച്ചേക്കില്ല. 3 കളി വിലക്ക് നേരിടുന്ന ഡയോമണ്ടേയും ഇല്ലാതെയാവും അവരിറങ്ങുക.
ജയത്തോടെ ലീഗ് ടേബിളിൽ അവസാന സ്ഥാനകാർ എന്ന ചീത്ത പേരിൽ നിന്ന് രക്ഷപെടാനാവും മോയസിന്റെ ശ്രമം. പക്ഷെ ഒരു ജയം ഹൾ സിറ്റിയെ റെലഗേഷൻ സോണിന് പുറത്തെത്തിക്കും.

സ്റ്റോക്ക് സിറ്റി- ബേൺമൗത്

മോശം തുടക്കത്തിൽ നിന്ന് കര കയറി വരുന്ന സ്റ്റോക്ക് സിറ്റി കഴിഞ്ഞ 6 കളികളിൽ തോൽവി അറിഞ്ഞിട്ടില്ല. ബേൺമൗത് ആവട്ടെ കഴിഞ്ഞ 2 കളികളും തോറ്റാണ് വരവ്. സ്റ്റോക്കിന്റെ സ്വന്തം ഗ്രൗണ്ടിൽ എത്രത്തോളം അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കും എന്നതിനെ അനുസരിച്ചിരിക്കും അവരുടെ ജയ സാധ്യതകൾ.

സ്റ്റോക്ക് നിരയിൽ സസ്പെൻഷൻ കഴിഞ്ഞു മാർക്കോ അർനോടോവിച് തിരിച്ചെത്തിയേക്കും. പക്ഷെ ഗ്ലെൻ വെലാൻ കളിക്കാൻ സാധ്യതയില്ല. ജോർദാൻ ശകീരിയും ടീമിൽ തിരിച്ചെത്തിയേക്കും. ബേൺ മൗത് നിരയിൽ ആൻഡ്രൂ സർമാൻ, കാല്ലം വിൽസൺ എന്നിവർ കളിക്കുമോ എന്നത് ഇന്ന് വൈകി മാത്രമേ അറിയാൻ സാധിക്കൂ.
ശകീരിയെയും ജോ അല്ലനേയും തടയാൻ സാധിച്ചാൽ ബേൺമൗത് പ്രതീക്ഷകൾ ലക്ഷ്യത്തിലെത്തും. ഇല്ലെങ്കിൽ സ്റ്റോക്കിന്റെ ജയം തന്നെയാവും കാണാനാവുക.

ടോട്ടൻഹാം-വെസ്റ്റ് ഹാം

മറ്റൊരു ലണ്ടൻ ഡെർബി.
ലീഗിൽ തോൽവി അറിയാത്ത ടോട്ടൻഹാമിനെ തളയ്ക്കാൻ അവസാനം മറ്റൊരു ലണ്ടൻ ടീമിനാവുമോ എന്ന് ഇന്നറിയാം. പക്ഷെ സമ്മിശ്ര പ്രകടനവുമായി ലീഗിൽ 17 ആം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് അതിനു എത്രത്തോളം സാധിക്കും എന്നത് സംശയകരമാണ്.

തോൽവി അറിഞ്ഞിട്ടില്ലെങ്കിലും തുടർച്ചയായ സമാനിലകൾ മാത്രമാണ് പോചറ്റിനോയുടെ ടോട്ടൻഹാമിനു നേടാനായിട്ടുള്ളത്. താരതമ്യേന ദുർബലരായ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് വിജയ വഴിയിൽ തിരിച്ചെത്താനാവും അവരുടെ ശ്രമം.

പരിക്കിന്റെ പിടിയിൽ നിന്ന് ഹാരി കെയ്ൻ തിരിച്ചു വന്നത് ആശ്വാസമാവുമെങ്കിലും മധ്യനിര താരം ടെലെ അലിയുടെ പരിക്ക് അവർക്ക് തലവേദനയാവും. അലി കളിക്കുമോ എന്ന് ഉറപ്പില്ല. ക്രിസ്റ്റ്യൻ എറിക്സൻ ഡാനി റോസ് എന്നുവരും കളിക്കാൻ കായിക ക്ഷമത തെളിയിച്ചിട്ടുണ്ട്.

ടോട്ടൻഹാമിനെ ഗ്രൗണ്ടിൽ അടുത്ത കാലത്തൊന്നും ജയിക്കാൻ പറ്റാതിരുന്ന ഹാമേഴ്സ് ആ ചരിത്രം തിരുത്താനാവും ഇത്തവണ ഇറങ്ങുക. പ്രതിരോധത്തിലേക്കു വിൻസെന്റ് റെയ്ഡ് തിരിച്ചെത്തുന്നത് അവർക്ക് വലിയ ആശ്വാസമാകും.

Advertisement