പ്രീമിയർ ലീഗ് : ആർസനൽ, യൂണൈറ്റഡ് ടീമുകൾ ഇന്നിറങ്ങും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് പ്രമുഖ ടീമുകളായ ആർസനൽ ബേൺമൗത്തിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെയും നേരിടും. സൗത്താംപ്ടന് എവർട്ടൻ ആണ് എതിരാളികൾ. സ്റ്റോക്ക് സിറ്റിക്ക് വാട്ട്ഫോർഡും.

വാട്ട്ഫോർഡ് – സ്റ്റോക്ക് സിറ്റി

വാട്ട് ഫോഡിന്റെ സ്വന്തം ഗ്രൗണ്ടിലാണ് മത്സരം. ചാമ്പ്യന്മാരായ ലെസ്റ്ററിനെ തോൽപിച്ചാണ് വാട്ട് ഫോഡിന്റെ വരവ്, സ്റ്റോക്ക് ആവട്ടെ ബേൺമൗത്തിനോട് തോൽവി വഴങ്ങിയും. വാട്ട് ഫോഡ് നിരയിൽ കബോൾ,സുനിഗ എന്നിവർ കളിക്കുമോ എന്ന് ഉറപ്പില്ല. സ്റ്റോക്ക് നിരയിൽ വീലാനും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

ആർസനൽ- ബേൺമൗത്

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താനാവും ആഴ്സണലിന്റെ ശ്രമം. തുടർച്ചയായ 2 മത്സരങ്ങളിൽ സമനില വഴങ്ങിയ അവർക്കു ടേബിളിൽ മുകളിലിരിക്കുന്ന ടീമുകളുമായുള്ള അന്തരം കുറയ്ക്കാൻ ഇന്ന് ജയിചേ മതിയാവൂ. ബേൺമൗത് ആവട്ടെ സ്റ്റോക്ക് സിറ്റിക്കെതിരായ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് വരുന്നത്.

ആർസനൽ നിരയിൽ കഴിഞ്ഞ മത്സരങ്ങൾ കളിച്ച എല്ലാവരും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മികച്ച ഫോമിലുള്ള ജിറൂദിനെ ടീമിൽ ഉൾപ്പെടുത്തി സാഞ്ചെസ് മധ്യനിരയിലോട്ടു മടങ്ങാൻ സാധ്യതയുണ്ട്. ബേൺമൗത് നിരയിൽ ഇബെ, സർമാൻ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ആർസനലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബേൺമൗത്തിലെത്തിയ ജാക്ക് വിൽഷെയറിന് ലോൺ ഉടമ്പടി പ്രകാരം ആർസനലിനെതിരെ കളിക്കാനാവില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ്- വെസ്റ്റ്ഹാം

സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയാതെ വിഷമിക്കുന്ന ജോസ് മൗറീഞ്ഞോയുടെ ടീം സ്വന്തം മൈതാനത്ത് ജയത്തോടെ വിധി മാറ്റി എഴുത്താനാവും ശ്രമിക്കുക. യൂറോപ്പ ലീഗിലെ ഗംഭീര ജയത്തിന്റെ ആത്മവിശ്വാസത്തിൽ വെസ്റ്റ്ഹാമിനെ മറികടക്കാൻ പോന്ന കളിക്കാരും അവർക്കുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആർസനലിനെതിരെ അർഹിച്ച വിജയം അവസാനം നഷ്ടപ്പെടുത്തിയ അവർക്ക് പ്രതിരോധം തന്നെയാണ് തലവേദന. റോഹോയും ജോൺസും നല്ല പ്രകടനം നടത്തുന്നുണ്ടെങ്കിലും മികച്ചൊരു ആക്രമണം വരുമ്പോൾ പലപ്പോഴും മൊത്തം പ്രതിരോധവും സമ്മര്ദത്തിലാവുന്നു.

വെസ്റ്റ് ഹാമിനാവട്ടെ മികച്ച കളിക്കാറുണ്ടെങ്കിലും പ്രകടനത്തിൽ സ്ഥിരതയില്ല. മിക്കേൽ അന്റോണിയോ ഒഴിച്ച് നിർത്തിയാൽ ഈ സീസണിൽ അവരിൽ നിന്ന് കാര്യമായ വ്യക്തിഗത പ്രകടനങ്ങളൊന്നും കണ്ടിട്ടുമില്ല. ഒരു മാസത്തിനിടക്ക് ആദ്യ ജയം തന്നെയാവും അവരുടെ ലക്ഷ്യം. യൂറോപ്പ ലീഗിൽ മികച്ച പ്രകടനം നടത്തിയ വെയ്ൻ റൂണി ആദ്യ ഇലവനിൽ സ്ഥാനം നേടാൻ സാധ്യതയുണ്ട്. വെസ്റ്റ് ഹാം നിരയിൽ കാര്യമായ പരിക്കുകൾ ഇല്ല.

സൗത്താംപ്ടൺ- എവർട്ടൻ

സ്വന്തം മൈതാനത്തെ മികച്ച പ്രകടനങ്ങളും അച്ചടക്കമുള്ള പ്രതിരോധവുമാവും എവർട്ടനെ സ്വന്തം മൈതാനത്ത് നേരിടാനിറങ്ങുന്ന സൗത്താംട്ടന്റെ ആത്മവിശ്വാസം. എന്നാൽ യൂറോപ്പ ലീഗിൽ നേരിട്ട തോൽവിക്കു ശേഷമുള്ള ആദ്യ മത്സരം സൈൻറ്സ് താരങ്ങൾ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ മത്സര ഫലം.

തന്റെ പഴയ ടീമിനെ ആദ്യമായി അവരുടെ മൈതാനത്ത് നേരിടാൻ ഇറങ്ങുന്ന ഡൊണാൾഡ് കൂമാന്റെ ഏറ്റവും വലിയ പ്രതീക്ഷ തന്റെ ആക്രമണ നിരയിൽ തന്നെയാവും. ലുകാകു താളം കണ്ടെത്തിയാൽ എവർട്ടന് വിജയ വഴിയിൽ തിരിച്ചെത്താൻ ആയേക്കും. സൗത്താംപ്ടൺ നിരയിൽ ഫൊൻറെ, ടാടിക് എന്നിവർ കളിക്കുമോ എന്നത് ഉറപ്പില്ല, എവർട്ടൻ നിരയിൽ കോനേയും പരിക്കിന്റെ പിടിയിലാണ്.

Advertisement