ലിവർപൂൾ തിരികെയെത്തി, മൗറീനോ വീണ്ടും ക്ലോപ്പിന് മുന്നിൽ വീണു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്‌. എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോഡേറ്റ പരാജയം മറന്ന ലിവർപൂൾ ഇന്നലെ സ്പർസിനെ തകർത്തെറിഞ്ഞു. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ക്ലോപ്പിന്റെ ടീം വിജയിച്ചത്. ഇത് തുടർച്ചയായ നാലാം തവണയാണ് ക്ലോപ്പിനു മുന്നിൽ മൗറീനോ പരാജയപ്പെടുന്നത്.

മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ സ്പർസ് സോണിലൂടെ ലീഡ് എടുത്തിരുന്നു. എന്നാൽ ആ ഗോളിന്റെ ബിൽഡ് അപ്പിൽ സോൺ ഓഫ് സൈഡ് ആയിരുന്നു എന്ന് വാർ വിധിച്ചു. ഈ അറ്റാക്കിനു ശേഷം കൂടുതലും ലിവർപൂളിന്റെ അറ്റാക്കായിരുന്നു കണ്ടത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു ലിവർപൂളിന്റെ വക കളിയിലെ ആദ്യ ഗോൾ വന്നത്. മാനെയുടെ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ഫർമീനീ ലോറിസിനെ കീഴ്പ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർനോൾഡിലൂടെ ലിവർപൂൾ രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ മാനെയുടെ ഷോട്ടിന്റെ റീബൗണ്ടിൽ നിന്നായിരുന്നു ഗോൾ. ഹൊയിബിയേർഗിലൂടെ ഒരു ഗോൾ മടക്കാൻ സ്പർസ്സിനായി. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. എങ്കിലും 65ആം മിനുട്ടിൽ മാനെയിലൂടെ ലിവർപൂൾ മൂന്നാം ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പാക്കി. ഈ വിജയത്തോടെ ലിവർപൂൾ 37 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. ടോട്ടനം 33 പോയിന്റുമായി ആറാമത് നിൽക്കുന്നു.