ഒരു പോഗ്ബ പാസ്, ഒരു റാഷ്ഫോർഡ് ഗോൾ, വിജയ പാതയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടി വന്നത് ലെസ്റ്റർ സിറ്റിയുടെ വാശിയാർന്ന പോരിനെ ആയിരുന്നു. ആകെ വിയർത്തെങ്കിലും എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. കളിയുടെ തുടക്കത്തിൽ പിറന്ന ഒരു ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ വിജയത്തിന്റെ പാതയിൽ എത്തിച്ചത്.

ഒരു ലെസ്റ്റർ സിറ്റി പിഴവിൽ നിന്ന് ലഭിച്ച പന്ത് കണ്ണടച്ച് തുറക്കും മുമ്പ് ലോകോത്തര പാസിലൂടെ റാഷ്ഫോർഡിന്റെ കാലിൽ എത്തിക്കാൻ പോഗ്ബയ്ക്കായി. ഒരു പിഴവും ഇല്ലാതെ ഗോൾ വലയിൽ എത്തിക്കാൻ റാഷ്ഫോർഡിനും. ആ ഗോൾ മാത്രമേ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായുള്ളൂ. അതിനു ശേഷം ലെസ്റ്ററിന്റെ സമനിലയ്ക്കായുള്ള പോരാട്ടമാണ് കണ്ടത്.

തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല എങ്കിലും മാഞ്ചസ്റ്റർ ടീമിനെ നിരന്തരം പ്രതിരോധത്തിൽ ആക്കാൻ ലെസ്റ്റർ സിറ്റിക്കായി. ബാർനെസും വാർഡിയുമൊക്കെ മികച്ച രീതിയിലാണ് ഇന്ന് കളിച്ചത്. മാഞ്ചസ്റ്റർ നിരയിൽ സാഞ്ചേസും ലിംഗാർഡും നിരാശയാർന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ലിൻഡെലോഫും എറിക് ബായിയും ഡിഹിയയും രക്ഷയ്ക്ക് എത്തിയത് കൊണ്ട് 3 പോയന്റുമായി മടങ്ങാൻ യുണൈറ്റഡിനായി.

ഒലെ ഗണ്ണാർ സോൾഷ്യറിന് കീഴിൽ 10 മത്സരങ്ങൾക്കിടെ യുണൈറ്റഡിന്റെ ഒമ്പതാം വിജയമാണിത്. ഇന്നത്തെ ജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ താൽക്കാലികമായി അഞ്ചാം സ്ഥാനത്ത് എത്തിച്ചു. ആഴ്സണൽ ഇന്ന് സിറ്റിക്ക് എതിരെ പരാജയപ്പെട്ടാൽ ആ അഞ്ചാം സ്ഥാനം യുണൈറ്റഡിന് സ്ഥിരമാക്കാം.