പോഗ്ബ പെനാൾട്ടികളിൽ തടിതപ്പി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് 4 പോരാട്ടത്തിൽ നിർണായകമാകുമായിരുന്ന മത്സരം വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം കാഴ്ചവെച്ച വെസ്റ്റ് ഹാമിനെതിരെ പോഗ്ബയുടെ രണ്ട് പെനാൾട്ടികളാണ് മാഞ്ചസ്റ്ററിന് നിർണായകമായത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ ജയം. കളിയുടെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ കഷ്ടപ്പെട്ട യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൾട്ടി അനുവദിക്കപ്പെട്ടു. മാറ്റയെ ഫൗൾ ചെയ്തതിന് എടുത്ത പെനാൾട്ടി പോഗ്ബ ലക്ഷ്യത്തിൽ എത്തിച്ചു. ഇതിനു മറുപടിയായി ഫിലിപ്പെ ആൻഡേഴ്സണിലൂടെ വെസ്റ്റ് ഹാം സമനില ഗോളും കണ്ടെത്തി.

സമനിലയ്ക്ക് ശേഷം ഇരുടീമുകളും വിജയ ഗോളിനായി ആക്രമിച്ചു കളിച്ചു. കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് വെസ്റ്റ് ഹാം ആയിരുന്നു. സബ്ബായി ഇറങ്ങിയ അന്റോണിയോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും മറ്റൊരു ഹെഡർ അത്ഭുത സേവിലൂടെ ഡി ഹിയ തട്ടിയകറ്റുകയും ചെയ്തു. കളി വെസ്റ്റ് ഹാമിന് അനുകൂലമായി മുന്നേറുമ്പോൾ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം പെനാൾട്ടി ലഭിക്കുന്നത്. ഒരു കൗണ്ടർ അറ്റാക്കിനിടെ മാർഷ്യലിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി. ആ പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ച് പോഗ്ബ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. പോഗ്ബയുടെ ഈ സീസണിലെ ഏഴാം പെനാൾട്ടി ഗോളായിരുന്നു ഇത്.

ഈ ജയത്തോടെ ടോപ് 4 പ്രതീക്ഷ യുണൈറ്റഡ് നിലനിർത്തി. 33 മത്സരങ്ങളിൽ നിന്ന് 64 പോയന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Advertisement