പോഗ്ബ വൈറസ് ആണെന്ന് മൗറീനോ, മാഞ്ചസ്റ്റർ ഡ്രസിംഗ് റൂമിൽ പ്രശ്നങ്ങൾ

- Advertisement -

ഇന്നലെ സതാമ്പ്ടണെതിരായ മത്സര ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിംഗ് റൂമിൽ പരിശീലകൻ മൗറീനോയും പോൾ പോഗ്ബയും തമ്മിൽ തർക്കങ്ങൾ ഉണ്ടായതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ഇന്നലെ നടന്ന മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിരാശയിലാക്കിയിരുന്നു. മത്സര ശേഷം ഡ്രസിങ് റൂമിൽ വെച്ച് പോൾ പോഗ്ബ വൈറസ് ആണെന്ന് മൗറീനോ പറഞ്ഞതായാണ് വിവരങ്ങൾ.

പോഗ്ബ വൈറസ് ആണെന്നും പോഗ്ബ കാരണം കളിക്കാൻ ആത്മാർത്ഥതയുള്ള താരങ്ങൾ ഉൾപ്പെടെ പിറകോട്ട് ആവുന്നു എന്നും മൗറീനോ താരത്തോട് പറഞ്ഞു. പോഗ്ബ കളിക്കുന്നില്ല എന്നും, പോഗ്ബയ്ക്ക് ടീമിനോടൊ ഒപ്പമുള്ള താരങ്ങളൊടോ ആരാധകരോടോ ബഹുമാനം ഇല്ലായെന്നും മൗറീനീ ഡ്രസിങ് റൂമിൽ പറഞ്ഞു. ചുറ്റുമുള്ള നല്ല മനുഷ്യരെ വരെ പോഗ്ബ മോശമാക്കുകയാണെന്നും മൗറീനോ വിമർശനത്തിൽ പറഞ്ഞു. മൗറീനോയോട് അടുത്ത വൃത്തങ്ങളാണ് ഈ വിവാദ വാർത്ത പുറത്ത് വിട്ടത്.

നേരത്തെ സീസൺ തുടക്കത്തിൽ ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നത്തിന് ഒടുവിൽ പോഗ്ബയുടെ വൈസ് ക്യാപ്റ്റൻസി പദവി മൗറീനോ എടുത്തു കളഞ്ഞിരുന്നു. അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കാൻ ആവാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത പ്രതിസന്ധിയിലാണ്.

Advertisement