മാഞ്ചസ്റ്റർ വിടണ്ട, ബ്രൂണോയ്ക്ക് ഒപ്പം കളിക്കാൻ കരാർ പുതുക്കാൻ ഒരുങ്ങി പോഗ്ബ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ ക്ലബ് വിടാനുള്ള തന്റെ ആഗ്രഹങ്ങൾ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അവസാന വർഷങ്ങളിലെല്ലാം യുണൈറ്റഡ് വിടണം എന്ന് പറഞ്ഞു കൊണ്ടിരുന്ന പോഗ്ബ ഇപ്പോൾ യുണൈറ്റഡിൽ തുടരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. യുണൈറ്റഡിൽ പുതിയ കരാർ ചർച്ചകൾ പോഗ്ബ ആരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നു. പോഗ്ബയുടെ ഈ മനം മാറ്റത്തിന് കാരണം ബ്രൂണോ ഫെർണാണ്ടസിന്റെ സാന്നിദ്ധ്യം ആണ് എന്നാണ് അഭ്യൂഹങ്ങൾ.

ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ യുണൈറ്റഡിന്റെ പ്രകടനങ്ങൾ ഗംഭീരമായിട്ടുണ്ട്. ബ്രൂണോയുടെ സാന്നിദ്ധ്യം തനിക്കും മിഡ്ഫീൽഡിൽ മികച്ച പ്രകടനം നടത്താൻ സഹായകരമാകും എന്നാണ് പോഗ്ബ കരുതുന്നത്. ബ്രൂണോയുമായി കൂട്ടുകെട്ട് ഉണ്ടാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ വിജയിക്കാൻ ആകും എന്നും പോഗ്ബ പ്രതീക്ഷിക്കുന്നു.

കാലിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയ നടത്തി വിശ്രമത്തിൽ ആയിരുന്നു പോഗ്ബ ഇപ്പോൾ കളത്തിലേക്ക് മടങ്ങി എത്തുന്നതിന് അരികെയാണ്. ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ ആണ് പോഗ്ബ യുണൈറ്റഡിനു വേണ്ടി കളിച്ചത്. പോഗ്ബ പരിക്ക് മാറി എത്തിയാൽ ബ്രൂണോ-പോഗ്ബ കൂട്ടുകെട്ട് മധ്യനിരയിൽ കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കഴിയും.

Advertisement