
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബേൺലി എതിരില്ലാത്ത ഏക ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചപ്പോൾ സ്വാൻസിക്ക് സ്വന്തം മൈതാനത്ത് ന്യൂ കാസിലിനോട് 1-0 ത്തിന്റെ തോൽവി.
ടർഫ്മൂറിൽ 3 ആം മിനുട്ടിൽ ക്രിസ് വുഡ് നേടിയ ഏക ഗോളിനാണ് ബേൺലി ക്രിസ്റ്റൽ പാലസിന് ലീഗിലെ തുടർച്ചയായ 4 ആം പരാജയം സമ്മാനിച്ചത്. ആദ്യ മിനുട്ടുകളിൽ ഗോൾ വഴങ്ങിയിട്ടും തിരിച്ചടിക്കാനാവാതെ വിഷമിച്ച പാലസ് ആക്രമണ നിരയാണ് ഇന്നലെ തീർത്തും നിരാശരാക്കിയത്. ലീഗിലെ 4 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാനാവാതെ കളം വിട്ട പാലസ് ആക്രമണ നിര മറ്റൊരു നാണക്കേടും സമ്മാനിച്ചു. അതേ സമയം ബേൺലി ഒത്തിണക്കമുള്ള പ്രതിരോധത്തോടെ മികച്ചു നിൽക്കുകയും ചെയ്തു.
ഇന്നലത്തെ തോൽവിയോടെ പാലസ് പരിശീലകൻ ഫ്രാങ്ക് ഡി ബോയറിന്റെ കാര്യവും പരുങ്ങലിലായതായാണ് റിപ്പോർട്ടുകൾ. 4 മത്സരങ്ങളിൽ എല്ലാത്തിലും ഒട്ടും പോരാട്ടവീര്യം കാണിക്കാതെ കീഴടങ്ങിയ പാലസ് ടീമിന്റെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. ആക്രമണ നിരയിൽ ബെൻറ്റക്കയും ടൗൻസെന്റ് അടക്കമുള്ളവർ തീർത്തും നിരാശരാക്കി. ഏതായാലും വരും ദിവസങ്ങളിൽ ഒരു പക്ഷെ ഫ്രാങ്ക് ഡി ബോയറിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കാം.
റെനാറ്റോ സാഞ്ചസ് അരങ്ങേറിയിട്ടും സ്വാൻസിക്ക് സ്വന്തം മൈതാനത്ത് തോൽവി. ന്യൂ കാസിലിന് ഇത് തുടർച്ചയായ രണ്ടാം ജയവുമായി. മത്സരത്തിൽ ഏറെ നേരം ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും 76 ആം മിനുട്ടിൽ ജമാൽ ലസേല്ലെസ് നേടിയ ഗോളാണ് ബെനീറ്റസിന്റെ ടീമിനെ തുണച്ചത്. അരങ്ങേറ്റത്തിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ച റെനാറ്റോ സാഞ്ചസ് ന് പകരക്കാരനായി 69 ആം മിനുട്ടിൽ ബോണി ഇറങ്ങിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല. ജയത്തോടെ 6 പോയിന്റുമായി ന്യൂ കാസിൽ 10 ആം സ്ഥാനത്തെത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial