ആഴ്സണലിന്റെ തിരിച്ചു വരവ്, എവർട്ടനെ തകർത്ത് ടോട്ടൻഹാം

തുടർച്ചയായ 2 തോൽവികളുമായി പ്രതിസന്ധിയിലായ ആഴ്സണലിന് ഒടുവിൽ ആശ്വാസ ജയം. സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് ബോണ് മൗത്തിനെ തകർത്താണ് ഗണ്ണേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തിയത്. ആഴ്സണലിനായി ഡാനി വെൽബക്ക് രണ്ടു ഗോളുകൾ നേടിയപ്പോൾ അലക്സാന്ദ്രേ ലകസറ്റിന്റെ വകയായിരുന്നു ശേഷിച്ച ഗോൾ.

കഴിഞ്ഞ മത്സരത്തിൽ പുറത്തിറങ്ങുന്ന ലകസറ്റിനെയും കോലാസിനാക്കിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ വെങ്ങാർ ഇത്തവണ അലക്സി സാഞ്ചസിനെ ബെഞ്ചിൽ ഇരുത്തി. മത്സരം തുടങ്ങി 6 ആം മിനുട്ടിൽ തന്നെ കോലാസിനാക്കിന്റെ പാസ്സ് വലയിലാക്കി വെൽബെക് ആഴ്സണൽ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു, പിന്നീട് 27 ആം മിനുട്ടിൽ വെൽബെക്കിന്റെ പാസ്സിൽ നിന്നായിരുന്നു ആഴ്സണലിന്റെ ലീഡ് ഉയർത്തിയ രണ്ടാം ഗോൾ ലകസറ്റ് നേടിയത്. രണ്ടാം പകുതിയിൽ വെൽബെക് വീണ്ടും വല കുലുക്കിയതോടെ ആഴ്സണൽ വെല്ലുവിളികൾ ഇല്ലാതെ ജയം ഉറപ്പിച്ചു. ബോണ്മൗത് ആവട്ടെ ഡിഫോയും ജോഷ് കിങ്ങും അടക്കമുള്ളവർ നിറം മങ്ങിയതോടെ ആശ്വാസ ഗോൾ പോലും കണ്ടെത്താനാവാതെ എമിറേറ്റ്സ് സ്റ്റേഡിയം വിടേണ്ടിയും വന്നു.

ഗൂഡിസൻ പാർക്കിൽ സന്ദർശകരായി എത്തിയ സ്പർസിന് മുൻപിൽ എവർട്ടൻ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഹാരി കെയ്ൻ തന്റെ നൂറാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സ്പർസ് ജയം കണ്ടത്. ആദ്യ പകുതിയിൽ കെയ്‌നിന്റെയും എറിക്സന്റെയും ഗോളിൽ മുന്നിലെത്തിയ സ്പർസ് പിന്നീട് രണ്ടാം പകുതിയിൽ കെയ്നിന്റെ മത്സരത്തിലെ രണ്ടാം ഗോളോടെ ജയം ഉറപ്പിക്കുകയായിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial