റാഫ ബെനീറ്റസിന് ആദ്യ ജയം, പാലസിനെ മറികടന്ന് സ്വാൻസി

- Advertisement -

പ്രീമിയർ ലീഗ് ആവേഷങ്ങൾ ഒരുപാട് കണ്ട സെയ്ന്റ് ജെയിംസ് പാർക്കിൽ റാഫ ബെനീറ്റസും ശിഷ്യന്മാരും തകർത്താടിയപ്പോൾ വെസ്റ്റ് ഹാമിനെതിരെ അവർക്ക് എതിരില്ലാത്ത 3 ഗോളിന്റെ ജയം. പ്രീമിയർ ലീഗിൽ ഈ സീസണിലെ ആദ്യ ജയം സ്വന്തം മൈതാനത്ത് കുറിച്ച ന്യൂ കാസിൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വെസ്റ്റ് ഹാമിന് മുൻതൂക്കം നൽകാത്ത വിധം കളിച്ചപ്പോൾ തുടർച്ചയായ മൂന്നാം തോൽവിയാണ് വെസ്റ്റ് ഹാം വഴങ്ങിയത്.

ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇരു ടീമുകളും ജയം അനിവാര്യമായ ഘട്ടത്തിലാണ് പരസ്പരം ഏറ്റു മുട്ടാൻ ഇറങ്ങിയത്. 34 ആം മിനുട്ടിൽ ക്രിസ്ത്യൻ അറ്റ്സുവിന്റെ പാസ്സ് വലയിൽ എത്തിച്ച സ്‌ട്രൈക്കർ ഹൊസെലുവാണ് ന്യൂ കാസിലിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ ക്ലാർക്കും മെട്രോവിച്ചും ഗോളുകൾ നേടിയതോടെ റാഫയുടെ ടീം ആദ്യ ജയം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ 10 ഗോളുകൾ വഴങ്ങി പോയിന്റ് ഒന്നും ഇല്ലാതെ ലീഗ് ടേബിളിൽ അവസാനമായ വെസ്റ്റ് ഹാമിന്റെ പരിശീലകൻ സാവൻ ബിലിച്ചിന്റെ സ്ഥാനം ഇതോടെ പരുങ്ങലിലായതായാണ് റിപ്പോർട്ടുകൾ.

സ്വന്തം മൈതാനത്ത് സ്വാൻസിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ ക്രിസ്റ്റൽ പാലസും നില പരുങ്ങലിലായി തന്നെയാണ് ഇന്നലെ കളം വിട്ടത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ അവർക്ക് സ്വന്തം മൈതാനത്ത് അത്രയൊന്നും ശക്തരല്ലാത്ത സ്വാൻസികെതിരെ ജയിക്കാമായിരുന്ന അവസരമാണ് അവർ കൈവിട്ടത്. സ്വാൻസിക്കായി 19 കാരൻ സ്‌ട്രൈക്കർ റ്റാമി അബ്രഹാം ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ അബ്രഹാമിന്റെ സ്ട്രെക്കിങ് പങ്കാളി ജോർദാൻ ആയുവിന്റെ വകയായിരുന്നു. ജയത്തോടെ സ്വാൻസിക്ക് 4 പോയിന്റായി.

ഇന്നലെ നടന്ന വാട്ട് ഫോർഡ്- ബ്രൈട്ടൻ മത്സരവും, സൗത്താംപ്ടൻ ഹഡേയ്സ് ഫീൽഡ് മത്സരവും ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement