
പ്രീമിയർ ലീഗ് ഫുട്ബോളിന്റെ മൂന്നാം ആഴ്ചയിൽ ആദ്യ മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബോണ്മൗത്തിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ സിറ്റിക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് വരുന്ന ചെറീസിന് ഈ മത്സരത്തിൽ ആദ്യ ജയം കണ്ടെത്തണമെങ്കിൽ നന്നായി തന്നെ കളിക്കേണ്ടി വരും.
കഴിഞ്ഞ മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും മികച്ച രീതിയിൽ കളിക്കാൻ ആയെങ്കിലും 1-1 ന്റെ സമനില മാത്രം നേടാനായ സിറ്റിക്ക് ഇത്തവണ കെയിൽ വാൽകറിനെ കളിപ്പിക്കാനാവില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട വാൽകറിന്റെ പകരക്കാരനായി ഡാനിലോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഗബ്രിയേൽ ഹെസൂസ് അഗ്യൂറോയോടൊപ്പം ആദ്യ ഇലവനിൽ തന്നെ കളിച്ചേക്കും. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ എഡി ഹോവെയുടെ ടീം ലീഗിൽ ഇതുവരെ ഗോൾ ഒന്നും നേടിയിട്ടുമില്ല. അവസാനം ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ 4 മത്സരങ്ങളിലും സിറ്റിക്ക് തന്നെയായിരുന്നു ജയം.
ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടമാവും ഇന്ന് സെയ്ന്റ് ജെയിംസ് പാർക്കിൽ നടക്കുന്ന ന്യൂ കാസിൽ- വെസ്റ്റ് ഹാം പോരാട്ടം. റാഫാ ബെനീറ്റസിന് കീഴിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ന്യൂ കാസിൽ പക്ഷെ ലീഗിലെ വമ്പൻ ടീമുകളെ ഞെട്ടിക്കാൻ പോന്ന ശക്തിയല്ലെന്ന് ആദ്യ രണ്ടു മത്സരങ്ങളിൽ തെളിയിച്ചതാണ്. വെസ്റ്റ് ഹാം അവസാന മത്സരത്തിൽ മികച്ച തിരിച്ചു വരവ് നടത്തിയെങ്കിലും കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ വഴങ്ങിയ പെനാൽറ്റിയിൽ തോൽവി വഴങ്ങുകയായിരുന്നു. ഇരു ടീമുകളും അവസാന മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്തിയേക്കും.
ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് സ്വാൻസിയേയും, വാട്ട് ഫോർഡ് ബ്രൈട്ടനെയും, ഹെഡ്ഡെഴ്സ് ഫീൽഡ് സൗത്താംപ്ടനെയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial