വീണ്ടും സ്റ്റെർലിങ് രക്ഷകനായി, അവസാന മിനുട്ടിൽ സിറ്റി

- Advertisement -

റഹീം സ്റ്റെർലിങ് അവസാന മിനുട്ടിൽ രക്ഷകനായപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം. 2-1 എന്ന സ്കോറിനാണ് പെപ്പിന്റെ ടീം ബോണ്മൗത്തിനെ തോൽപിച്ചത്. പോയിന്റ് ഉറപ്പിച്ചു നിൽക്കെ തോൽവി വഴങ്ങിയത് ചെറീസിന് കടുത്ത നിരാശയായി. ജയിച്ചെങ്കിലും സിറ്റിയുടെ അവസരങ്ങൾ മുതലാക്കുന്നതിലെ ശ്രദ്ധ കുറവ് വരും ദിവസങ്ങളിൽ പെപ്പിന് തലവേദനയാവും എന്നുറപ്പാണ്.

ആദ്യ പകുതിയിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ബോണ്മൗതാണ് ആദ്യ ഗോൾ നേടിയത്. മികച്ച ഒരു ആക്രമണ നീക്കത്തിനൊടുവിൽ ചാർളി ഡാനിയൽസിന്റെ മികച്ച വോളിയിലൂടെ ചെറീസ് ലീഡ് നേടുകയായിരുന്നു. എന്നാൽ 21 ഒന്നാം മിനുട്ടിൽ ഗബ്രിയേൽ ജിസൂസ് മികച്ച ഫിനിഷിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ പതിവ് പോലെ മിക്ക സമയവും പന്ത് കൈവശം വെക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഫിനിഷിങിലെ പോരായ്മകൾ അവർക്ക് വിനയായി. 66 ആം മിനുട്ടിൽ ബെർനാടോ സിൽവയെ പിൻവലിച്ച പെപ്പ് സെർജിയോ അഗ്യൂറോയെ രംഗത്തിറക്കി. പക്ഷെ എങ്കിലും വിജയ ഗോൾ കണ്ടെത്താൻ സിറ്റിക്കായില്ല. ഒടുവിൽ കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചുറി ടൈമിൽ റഹീം സ്റ്റെർലിങ് 97 ആം മിനുട്ടിൽ നേടിയ ഗോളാണ് സിറ്റിക്ക് വിലപ്പെട്ട ജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ എവർട്ടനോട് 1-1 ന്റെ സമനില വഴങ്ങിയ പെപ്പിന് ഈ ജയം വലിയ ആത്മവിശ്വാസം നൽകും.

വിജയ ഗോൾ നേടിയ സ്റ്റെർലിങ് പക്ഷെ ആഘോഷത്തിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ അടുത്ത ആഴ്ച ലിവർപൂളിനെതിരെ താരത്തിന് കളിക്കാനാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement