റെക്കോർഡിട്ട് സ്പർസ്‌, ജയത്തോടെ സിറ്റി തൊട്ട് പിന്നിൽ

- Advertisement -

ലീഗിലെ ഏറ്റവും മികച്ച രണ്ട് സ്ട്രൈക്കർമാർ ഗോളുകൾ കണ്ടെത്തിയ ദിവസം പ്രീമിയർ ലീഗിൽ എവർട്ടനെതിരെ ഹാരി കെയ്‌നിന്റെ മികവിൽ ടോട്ടൻഹാമിനും, സെർജിയോ അഗ്യൂറോ ഗോൾ നേടിയ മത്സരത്തിൽ സണ്ടർലാൻഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ഇന്ന് എവർട്ടനെതിരായ ജയത്തോടെ സ്പർസ്‌ അവരുടെ സ്വന്തം തട്ടകമായ വൈറ്റ് ഹാർഡ് ലൈനിൽ തുടർച്ചയായ 9 കളികൾ ജയിച്ചു പുതിയ ക്ലബ് റെക്കോർഡും സൃഷ്ടിച്ചു. ഈ സീസണിൽ അവർ ഒരു ഹോം മാച്ച് പോലും തോറ്റിട്ടുമില്ല.

എവർട്ടൻ പ്രതിരോധം കരുതി വച്ചതൊന്നും മതിയാവുമായിരുന്നില്ല ഹാരി കെയ്ൻ എന്ന അപകടകാരിയായ സ്‌ട്രൈക്കറെ തടുക്കാൻ. കെയ്ൻ രണ്ട് ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തിൽ എവർട്ടനെതിരെ ടോട്ടൻഹാമിന്‌ 3-2 ന്റെ ജയം .

19 ആം മിനുട്ടിൽ 25 വാര അകലെനിന്ന് തൊടുത്ത കിടിലൻ ഷോട്ടിലൂടെയാണ് ഹാരി കെയ്ൻ സ്പർസിനായി മത്സരത്തിലെ ഗോൾ അകൗണ്ട് തുറന്നത്, ഹോം ഗ്രൗണ്ടിൽ മികച്ച റെക്കോർഡുള്ള സ്പർസ്‌ ആക്രമണ നിരക്കെതിരെ പലപ്പോഴും എവർട്ടൻ പ്രതിരോധം കാഴ്ചക്കാർ മാത്രമായി, നിർഭാഗ്യം കൊണ്ട് മാത്രമാണ് ടോട്ടൻഹാമിന്‌ ആദ്യ പകുതിയിൽ ലീഡ് ഉയർത്താനാവാതെ പോയത്.

രണ്ടാം പകുതിയിലും എവർട്ടന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതിയൊന്നും കാണാനില്ലായിരുന്നു , ഇതിനിടയിൽ 56 ആം മിനുട്ടിൽ എവർട്ടൻ ഗോളിയും മധ്യനിരയിൽ സ്‌നൈഡർലിനും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിൽ നിന്ന് ലഭിച്ച അവസരം മുതലാക്കിയ കെയ്ൻ മത്സരത്തിലെ തന്റെ രണ്ടാമത്തെയും സീസണിലെ 19 ആം ഗോളും നേടി. വീണ്ടും ഗോൾ വഴങ്ങിയതോടെ എവർട്ടൻ പരിശീലകൻ കുമാൻ ജെയിംസ് മക്കാർത്തി , കെവിൻ മിറാലാസ് എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ഫലമൊന്നും കണ്ടതുമില്ല. എന്നാൽ ഏറെ വൈകി 80 ആം മിനുട്ടിൽ സ്പർസ്‌ ഡിഫെൻഡർ വെർത്തോ ഗന്റെ പിഴവ് മുതലെടുത്ത ലുക്കാക്കു ഒരു ഗോൾ മടക്കിയതോടെ അവസാന 10 മിനുട്ടിൽ എവർട്ടൻ ശ്രമിച്ചെങ്കിലും സ്പർസ്‌ പ്രതിരോധം നല്ല രീതിയിൽ തന്നെ പ്രതിരോധിച്ചു.92 ആം മിനുട്ടിൽ ദാലെ അലിയും ഗോൾ നേടിയതോടെ എവർട്ടന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തൊട്ടടുത്ത മിനുട്ടിൽ വലൻസിയ എവർട്ടനായി ഗോൾ നേടിയെങ്കിലും അനിവാര്യമായ തോൽവി തടയാൻ വിലയുള്ളതായിരുന്നില്ല ആ ഗോൾ.

ഈ ജയത്തോടെ ചെൽസിയുമായുള്ള പോയിന്റ് വിത്യാസം 7 ആയി കുറച്ച ടോട്ടൻഹാം നിലവിൽ 56 പോയിന്റുമായി രണ്ടാം സ്ഥാനത്തും, എവർട്ടൻ 44 പോയിന്റുമായി 7 ആം സ്ഥാനത്തുമാണ്.

സ്റ്റേഡിയം ഓഫ് ലൈറ്റിൽ മാഞ്ചസ്റ്റർ സിറ്റിയെ വരവേറ്റ സണ്ടർലാൻഡിന്‌ അത്ഭുതമൊന്നും കാണിക്കാനായില്ല. സെർജിയോ അഗ്യൂറോ , ലിറോയ് സാനെ എന്നിവരുടെ ഗോളിൽ സിറ്റിക്ക് 2-0 ത്തിന്റെ ജയം.

മത്സരത്തിൽ മൃഗീയ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ച സിറ്റിയിൽ നിന്ന് കൂടുതൽ പരിക്ക് പറ്റാതെ രക്ഷപെട്ടത് തന്നെ ഡേവിഡ് മോയസിനും ടീമിനും വലിയ ആശ്വാസമാകും. കളിച്ച 27 മത്സരങ്ങളിൽ 18 ലും തോറ്റ സണ്ടർലൻഡ് പരിശീലകൻ മോയസിന്റെ കാര്യം ഏതായാലും ഒന്ന് കൂടി പരുങ്ങലിലാവും. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് സണ്ടർ ലാൻഡിന്‌ ഗോൾ നേടാനാവാതെ പോയത്, ഡിഫോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ബോറീനിയുടെ ഹെഡ്ഡർ ലക്ഷ്യത്തിലെത്താതെ പോവുകയും ചെയ്തു, എന്നാൽ പിന്നീട് സിറ്റി മധ്യനിരയിൽ സിൽവയും യായ തുറെയും മികച്ച പാസ്സുകളുമായി കളം നിറഞ്ഞതോടെ സണ്ടർലാൻഡ് അപകടം മണത്തു , 42 ആം മിനുട്ടിൽ സെർജിയോ അഗ്യൂറോ സിറ്റിയുടെ ആദ്യ ഗോൾ നേടി, പിന്നീട് രണ്ടാം പകുതിയിൽ ലെറോയ് സാനെയും സിറ്റിക്കായി ഗോൾ നേടിയതോടെ സണ്ടർലാൻഡിന്റെ തിരിച്ചു വരവ് എന്ന സ്വപ്നം അസ്ഥാനത്തായി.

26 കളികളിൽ നിന്ന് 55 പോയിന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തും 27 കളികളിൽ നിന്ന് 19 പോയിന്റ് മാത്രമുള്ള സണ്ടർലാൻഡ് ലീഗിൽ അവസാന സ്ഥാനത്തുമാണ്.

Advertisement