പൊരുതി നേടി ചെൽസി,മോയസ് പുറത്താക്കൽ ഭീഷണിയിൽ

- Advertisement -

ഫാബ്രിഗാസ് കൊണ്ടേയുടെ വിശ്വാസം കാത്തപ്പോൾ ചെൽസിക്ക് സ്വാൻസിക്കെതിരെ 3 -1 ന്റെ ജയം. മാറ്റിച്ചിന് പകരക്കാരനായി തന്നെ ടീമിലുൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച പ്രകടനം പുറത്തെടുത്ത ഫാബ്രിഗാസ് ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു,പെഡ്രോ,ഡിയാഗോ കോസ്റ്റ എന്നിവരാണ് ചെൽസിയുടെ മറ്റു ഗോളുകൾ നേടിയത്. സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ചെൽസിക്ക് കടുത്ത വെല്ലുവിളി തന്നെയാണ് സ്വാൻസി നൽകിയത് , തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെൽസിയെ സ്വാൻസി ഗോളി ഫാബിയാൻസ്കിയും അവരുടെ ബാക് ഫോറം മികച്ച രീതിയിൽ തന്നെ പ്രതിരോധിച്ചു, എന്നാൽ 19 ആം മിനുട്ടിൽ മധ്യ നിരയിൽ കളി നിയന്ത്രിച്ചും, സ്വാൻസി ബോക്സിൽ അപകടം വിതച്ചും കളത്തിൽ നിറഞ്ഞ ഫാബ്രിഗാസ് മികച്ച ഫിനിഷിലൂടെ ചെൽസിയെ മുന്നിലെത്തിച്ചു, പിന്നീട് ലീഡുയർത്താൻ നിരവധി അവസരങ്ങൾ ചെൽസിക്ക് ലഭിച്ചെങ്കിലും സ്വാൻസി ഗോളിയുടെ മികച്ച സേവുകളും നിർഭാഗ്യവും വിലങ്ങു തടിയായി.

ആദ്യ പകുതിയുടെ എക്സ്ട്രാ മിനുട്ടിൽ സ്വാൻസി സമനില നേടി,സിഗേഴ്സന്റെ ഫ്രീകിക് മികച്ച ഹെഡ്ഡറിലൂടെ യൊരെൻറെ ചെൽസി വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ജയിക്കാനുറച്ചു ഇറങ്ങിയ ചെൽസിക്ക് പക്ഷെ രണ്ടാം ഗോളിനായി 72 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു, ഫാബ്രിഗാസിന്റെ പാസ് പെഡ്രോ സ്വാൻസി വലയുടെ മൂലയിലെത്തിച്ചു , ഈ അസ്സിസ്റ്റോടെ പ്രീമിയർ 102 അസ്സിസ്റ്റായ ഫാബ്രിഗാസ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ രണ്ടാമത്തെ അസ്സിസ്റ് നേടുന്ന താരം എന്ന റെക്കോർഡിൽ ഫ്രാങ്ക് ലാംപാർഡിനൊപ്പമെത്തി. 84 ആം മിനുട്ടിൽ കോസ്റ്റയും ഗോൾ നേടിയതോടെ ചെൽസി 3 പോയിന്റ് ഉറപ്പിച്ചു . 63 പോയിന്റുള്ള ചെൽസി ലീഗിൽ തങ്ങളുടെ ലീഡ് 11 പോയിന്റാക്കി ഉയർത്തി.

ഡേവിഡ് മോയസ് ഈ സീസണിൽ ഇനി എത്ര നാൾ കൂടെ സണ്ടർ ലാൻഡ് മാനേജർ ആയി ഉണ്ടാകും എന്നതാണ് ഇനി അറിയാനുള്ളത്, ഇന്നലെ ഗോഡിസൺ പാർക്കിൽ എവർട്ടനോട് 2 ഗോളിന്റെ തോൽവി വഴങ്ങിയതോടെ മോയസിന്റെ കാര്യം തീർത്തും പരുങ്ങലിലായി. എവർട്ടൻ ഗോൾ അടിക്കുന്നത് 40 ആം മിനുട്ട് വരെ തടയാനായി എന്നതിനപ്പുറം സണ്ടർലാൻഡിനു മത്സരത്തിൽ നിന്ന് കാര്യമായി ഒന്നും നേടാനായില്ല , മറുവശത്ത് മികച്ച ഫോം തുടരുന്ന എവർട്ടൻ ഗാന ഗുയെ, ലുക്കാക്കു എന്നിവരുടെ ഗോളിലാണ് ജയം കണ്ടത് , 44 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തും , 19 പോയിന്റുള്ള സണ്ടർലാൻഡ് അവസാന സ്ഥാനത്തുമാണ്.

തൽക്കാലത്തേക്കെങ്കിലും ക്രിസ്റ്റൽ പാലസ് തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന് പുറത്തു കടന്നു , മിഡ്ൽസ് ബറോക്കെതിരെ നേടിയ ഏക ഗോളിന്റെ ജയമാണ് ബിഗ് സാമിന്റെ ടീമിനെ 17 ആം സ്ഥാനത്തെത്തിച്ചത് , ലെഫ്റ് ബാക്ക് പാട്രിക് വാൻ ആൻഹോൾട് 34 ആം മിനുട്ടിൽ നേടിയ ഏക ഗോളിനാണ് പാലസ് സ്വന്തം മൈതാനത്ത് ജയം കണ്ടത് , 22 പോയിന്റുള്ള മിഡിൽസ്ബറോ 16 ആം സ്ഥാനത്താണ്.

മികച്ചൊരു പോരാട്ടമായിരുന്നു വെസ്റ്റ് ബ്രോമും ബോൺമൗത്തും തമ്മിൽ ഇന്നലെ നടന്നത്, ഇരു ടീമുകളും ഒന്നിനൊന്നു മികച്ചു നിന്ന മത്സരത്തിൽ 2 -1 നാണ് ടോണി പ്യുലിസിന്റെ ടീം ജയിച്ചത്. മത്സരം തുടങ്ങി 5 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോഷുവാ കിംഗ് ബോൺ മൗതിനെ മുന്നിലെത്തിച്ചു , എന്നാൽ പതറാതെ ആക്രമിച്ചു കളിച്ച വെസ്റ്റ് ബ്രോം 10 ആം മിനുട്ടിൽ ക്രെയ്ഗ് ഡോസാനിലൂടെ ഒപ്പമെത്തി , 21 ആം മിനുട്ടിൽ വെസ്റ്റ് ബ്രോമിനായി എന്നും നിർണായക ഗോളുകൾ നേടാറുള്ള വെറ്ററൻ ഡിഫൻഡർ ഗാരെത് മെക്കോലി ലീഡ് നേടി.
രണ്ടാം പകുതിയിൽ ബൗൺമൗത് ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും അച്ചടക്കമുള്ള വെസ്റ്റ് ബ്രോം പ്രതിരോധത്തെ മറികടക്കാനായില്ല. ജയത്തോടെ 40 പോയിന്റുള്ള വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്താണ്, 26 പോയിന്റുള്ള ബൗൺമൗത് 14 ആം സ്ഥാനത്തുമാണ്.

ഹോം ഗ്രൗണ്ടിൽ ജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് പുറത്തു കടക്കുക എന്ന ഹൾ സിറ്റിയുടെ സ്വപ്നത്തിന് ബേൺലി ഡിഫൻഡറും ഈ സീസണിലെ താരോദയവുമായ മൈക്കൽ കീനിന്റെ ഗോളിൽ അന്ത്യം, എവേ മത്സരങ്ങളിൽ അത്രയൊന്നും കാര്യമായ റെക്കോർഡില്ലാത്ത ബേൺലിയോട് സ്വന്തം മൈതാനത്ത് 1-1 ന്റെ സമനില വഴങ്ങിയ ഹൾ സിറ്റി 21 പോയിന്റുമായി 19 ആം സ്ഥാനത്ത് തന്നെ തുടരും. ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം 72 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച ടോം ഹഡിൽസ്റ്റോൺ ഹള്ളിന് ലീഡ് നേടികൊടുത്തെങ്കിലും 76 ആം മിനുട്ടിൽ കീനിന്റെ ബുള്ളറ്റ് ഷോട്ട് ഹൾ വലയിൽ പതിച്ചതോടെ അവർക്ക് 1 പോയിന്റിൽ തൃപ്തിപെടേണ്ടി വന്നു. 31 പോയിന്റുള്ള ബേൺലി 11 ആം സ്ഥാനത്താണ്.

വാട്ട് ഫോർഡിലും ഇന്നലെ സമനിലയായിരുന്നു, സ്വന്തം മൈതാനത്ത് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാതെ പോയ വാട്ട് ഫോർഡ് വെസ്റ്റ് ഹാമിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ലഭിച്ച പെനാൽറ്റി വലയിലെത്തിച് ക്യാപ്റ്റൻ ട്രോയ് ഡീനി വാട്ട്ഫോർഡിനെ മുന്നിലെത്തിച്ചു , 73 ആം മിനുട്ട് വരെ മികച്ച രീതിയിൽ ലീഡ് പ്രതിരോധിച്ച വാട്ട് ഫോർഡിനെ പക്ഷെ പകരക്കാരനായി ഇറങ്ങിയ ആന്ദ്രേ ആയു ഞെട്ടിച്ചു , സമനില നേടിയതോടെ വെസ്റ്റ് ഹാം വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല ,

ഇതിനിടയിൽ 86 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു മികെൽ അന്റോണിയോ ചുവപ്പു കാർഡ് കണ്ടു പുറത്തായത് അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാം കൊച് സാവൻ ബിലിച്ചിന് തലവേദനയാകും, പ്രത്യേകിച്ചും ആൻഡി കാരോൾ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിൽ.
33 പോയിന്റുള്ള വെസ്റ്റ് ഹാം 9 ആം സ്ഥാനത്തും , 31 പോയിന്റുള്ള വാട്ട് ഫോർഡ് 12 ആം സ്ഥാനത്തുമാണ്.

Advertisement