റൂണി @200, മൂന്നാം വട്ടവും എവർട്ടണെ തോൽപ്പിക്കാൻ കഴിയാതെ പെപ്പ്

- Advertisement -

ഇത്തിഹാദ് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ പെപ് ഗാർഡിയോളക്ക് 1-1 ന്റെ സമനില. വെയ്ൻ റൂണി തന്റെ 200 ആം പ്രീമിയർ ലീഗ് ഗോൾ നേടിയ മത്സരത്തിൽ റഹീം സ്റ്റെർലിങ് ആണ് സിറ്റിയുടെ മറുപടി ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ ആവേശം നിറഞ്ഞ മത്സരത്തിൽ പക്ഷെ വിജയ ഗോൾ കണ്ടെത്താൻ സിറ്റിക്കായില്ല. കരിയറിൽ മൂന്നാം തവണ എവർട്ടനെ നേരിടാനിറങ്ങിയ പെപ്പിന് മൂന്നു പ്രാവശ്യവും ടോഫീസിനെ തോൽപിക്കാനായിട്ടില്ല. 

ആദ്യ പകുതി മികച്ച രീതിയിൽ തന്നെ തുടങ്ങിയ സിറ്റിക്ക് പക്ഷെ ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. ആദ്യ മത്സരത്തിലെ പോലെ അഗ്യൂറോയും ഗബ്രിയേൽ ഹെസുസും ആക്രമണം നയിച്ചെങ്കിലും എവർട്ടൻ പ്രതിരോധത്തെ മറികടക്കാൻ ഇരുവർക്കുമായില്ല. 35 ആം മിനുട്ടിലാണ് റൂണി പ്രീമിയർ ലീഗ് ചരിത്രത്തിൽ 200 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായ ഗോൾ പിറന്നത്. സിറ്റി ബോക്‌സിൽ ഹോൾഗേറ്റ് നൽകിയ മികച്ച പാസ്സ് റൂണി സിറ്റി വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. സിറ്റിയുടെ പുത്തൻ ഗോളി എഡേഴ്സന്റെ ശ്രദ്ധകുറവും റൂണിയുടെ ഗോളിൽ എവർട്ടന് സഹായമായി.

ഗോൾ മടക്കാൻ വേണ്ടി കൈ മെയ് മറന്ന് പോരാടുന്നതിനിടയിൽ പക്ഷെ 44 ആം മിനുട്ടിൽ കെയിൽ വാൾക്കർ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്ത് പോയത് സിറ്റിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഹെസൂസിനെ പിൻവലിച്ചു റഹീം സ്റ്റർലിങ്ങിനെ ഇറക്കിയ പെപ് ഗാർഡിയോള പിന്നീട് 65 ആം മിനുട്ടിൽ ഡാനിലോയെയും 69 ആം മിനുട്ടിൽ ബെർനാടോ സിൽവയെയും ഇറക്കി. 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം തളരാതെ നിരന്തരം എവർട്ടൻ ഗോൾ മുഖം ആക്രമിച്ച സിറ്റിക്ക് 82 ആം മിനുട്ടിൽ അതിനുള്ള പ്രതിഫലം ലഭിച്ചു. രണ്ടാം പകുതിയിൽ ഇറങ്ങിയതുമുതൽ മികച്ച രീതിയിൽ കളിച്ച റഹീം സ്റ്റർലിംഗിലൂടെ സിറ്റി സമനില കണ്ടെത്തി. സമനില നേടിയതോടെ സിറ്റി വിജയ ഗോളിനായി ശ്രമിച്ചെങ്കിലും എവർട്ടൻ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. ഇതിനിടയിൽ 88 ആം മിനുട്ടിൽ എവർട്ടൻ മധ്യനിര താരം സ്നൈഡർലിൻ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോകുകയും ചെയ്തു. 10 പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടം നടത്തിയ സിറ്റിക്ക് ഇത് ജയത്തിന് തുല്യമായ സമനിലയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement