Site icon Fanport

ചെറിയ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും

കൊറോണ കാരണം അവസാന രണ്ട് ആഴ്ച കളത്തിൽ ഇല്ലാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ ഇറങ്ങും. ഇന്ന് എവേ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന രണ്ടു മത്സരങ്ങൾ കൊറോണ കാരണം മാറ്റിവെച്ചിരുന്നു. ഇന്ന് അത്തരം തടസ്സങ്ങൾ ഒന്നും യുണൈറ്റഡിന് മുന്നിൽ ഇല്ല. അവസാന ആറു മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിക്കാൻ ആകും എന്ന പ്രതീക്ഷയിലാകും ന്യൂകാസിലിൽ എത്തുന്നത്.

പരിക്ക് കാരണം പുറത്തായിരുന്ന കവാനിയും വരാനെയും ഇന്ന് യുണൈറ്റഡിനൊപ്പം ഉണ്ടാകും. വരാനെ ആദ്യ ഇലവനിൽ തന്നെ എത്താൻ സാധ്യതയുണ്ട്. ന്യൂകാസിൽ സീസണിലെ രണ്ടാം വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. എന്നാൽ എഡി ഹോവിന്റെ ടീം ഒട്ടും ഫോമിൽ അല്ല. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ആയി അവർ 11 ഗോളുകൾ വഴങ്ങിയിട്ടുമുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Exit mobile version