ജന്മദിനത്തിൽ ഗോളുമായി സൗചക്, വോൾവ്സിനെ വീഴ്ത്തി വെസ്റ്റ് ഹാം

പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങൾ തേടുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി വെസ്റ്റ് ഹാം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നിരവധി മാറ്റങ്ങളും ആയി എത്തിയ വോൾവ്സിനെ അവർ വീഴ്ത്തുക ആയിരുന്നു. മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവശം വച്ചത് വോൾവ്സ് ആണെങ്കിലും വെസ്റ്റ് ഹാം ആയിരുന്നു അവസരങ്ങൾ കൂടുതൽ തുറന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. തന്റെ 27 മത്തെ ജന്മദിനത്തിൽ തോമസ് സൗചക് ആണ് വെസ്റ്റ് ഹാമിന്റെ വിജയഗോൾ നേടിയത്. മിഖായേൽ അന്റോണിയോയുടെ പാസിൽ നിന്നായിരുന്നു ചെക് താരത്തിന്റെ ഗോൾ. ജയത്തോടെ വെസ്റ്റ് ഹാം ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തിയപ്പോൾ വോൾവ്സ് എട്ടാം സ്ഥാനത്ത് തുടരും.