ഗാർഡിയോളയും ആർട്ടെറ്റയും ഒരിക്കൽ കൂടി നേർക്കുനേർ, പതിവ് തിരുത്താൻ ആഴ്സണലിന് ആവുമോ?

20201017 035250
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം. വീണ്ടുമൊരിക്കൽ കൂടി പെപ് ഗാർഡിയോളയും അദ്ദേഹത്തിന്റെ മുൻ അസിസ്റ്റന്റുമായ മൈക്കിൾ ആർട്ടെറ്റയും നേർക്കുനേർ വരും. പ്രീമിയർ ലീഗിൽ മികച്ച തുടക്കം ലഭിച്ചിട്ടില്ലാത്ത മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളി ഉയർത്താൻ ആവും ആഴ്സണലിന്റെ ശ്രമം. നിലവിൽ മൂന്നു കളികൾ കളിച്ച സിറ്റി വോൾവ്സിനോട് ജയിച്ചപ്പോൾ ലീഡ്സിനോട് സമനില വഴങ്ങുകയും ലെസ്റ്റർ സിറ്റിയോട് 5-2 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. അതിനാൽ തന്നെ ഗാർഡിയോളക്ക് നിർണായക മത്സരം ആണ് ഇന്നത്തേത്. കെവിൻ ഡി ബ്രുയിൻ, ഗബ്രിയേൽ ജീസസ് എന്നിവർ ഇന്ന് കളിക്കില്ല എന്നത് സിറ്റിക്ക് വലിയ തിരിച്ചടി ആണ്. ബെൽജിയത്തിനായി കളിക്കുമ്പോൾ ഇംഗ്ലണ്ടിന് എതിരെ പരിക്കേറ്റ ഡി ബ്രുയിന്റെ അഭാവം സിറ്റി മധ്യനിരയിൽ വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുക. അതേസമയം പരിക്കിൽ നിന്നു മോചിതനായി സെർജിയോ അഗ്യൂറോ തിരിച്ചു വന്നേക്കും എന്നത് അവർക്ക് ഊർജ്ജം പകരും. റഹീം സ്റ്റെർലിങ്, കാൻസാലോ, ബെർണാഡോ സിൽവ എന്നിവരും ശാരീരിക ക്ഷമത കൈവരിച്ചത് അവർക്ക് നേട്ടമാണ്.

2015 നു ശേഷം ആഴ്സണലിന് എതിരെ പ്രീമിയർ ലീഗിൽ സിറ്റി തോറ്റിട്ടില്ല എന്നത് അവർക്ക് കരുത്ത് ആകും. കഴിഞ്ഞ 9 പ്രീമിയർ ലീഗ് മത്സരങ്ങളിൽ സിറ്റിക്ക് എതിരെ ജയിക്കാൻ ആവാത്ത ആഴ്സണൽ കഴിഞ്ഞ ആറു മത്സരങ്ങൾ തുടർച്ചയായി തോൽവി വഴങ്ങി. ആഴ്സണലിന് എതിരെ എന്നും മികച്ച പ്രകടനം പുറത്ത് എടുക്കാറുള്ള ഡി ബ്രൂയിന്റെ അഭാവം പക്ഷെ സിറ്റിക്ക് വലിയ നഷ്ടം ആവാൻ ഇടയുണ്ട്. എങ്കിലും സ്റ്റെർലിങ്, ഫോഡൻ, മാഹ്രസ് പുതിയ താരം ആയ ഫെറാൻ ടോറസ് എന്നിവർ എപ്പോഴും അപകടം സൃഷ്ടിക്കാൻ ഇടയുള്ളവർ ആണ്. ലെസ്റ്ററിനെതിരെ 5 ഗോളുകൾ വഴങ്ങിയ പ്രതിരോധം 3 പെനാൽട്ടികൾ ആണ് അന്ന് വഴങ്ങിയത് എന്നത് ഗാർഡിയോളക്ക് തലവേദന ആവുന്നുണ്ട്. ലപ്പോർട്ടെ, അകെ എന്നിവർ നയിക്കുന്ന പ്രതിരോധം ഒബമയാങ്, വില്യം, പെപെ തുടങ്ങിയ ആഴ്സണൽ താരങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നത് തന്നെയാവും മത്സരത്തിലെ വലിയ ചോദ്യങ്ങളിൽ ഒന്നു. നിലവിൽ പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്ത് ആണ് സിറ്റി.

അതേസമയം ആർട്ടെറ്റക്ക് കീഴിൽ കുറഞ്ഞ കാലത്ത് ഉണ്ടാക്കിയ പുരോഗതിയിൽ ആണ് ആഴ്സണലിന്റെ വിശ്വാസം. മാഞ്ചസ്റ്റർ സിറ്റിയെ എഫ്.എ കപ്പ് സെമിഫൈനലിൽ വീഴ്‌ത്താൻ ആയതിന്റെ ആത്മവിശ്വാസവും അവർക്ക് ഉണ്ട്. ഒപ്പം മധ്യനിരയിൽ പുതിയ താരം തോമസ് പാർട്ടിയുടെ വരവും അവർക്ക് വലിയ ആത്മവിശ്വാസം ആണ് നൽകുക. കഴിഞ്ഞ 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 8 എണ്ണത്തിൽ ജയം കണ്ട ആഴ്സണൽ ഈ സീസണിൽ ലിവർപൂളിനോട് തോറ്റെങ്കിലും മറ്റ് 3 കളികളിൽ ജയം കണ്ടു. നിലവിൽ ലീഗിൽ നാലാം സ്ഥാനത്ത് ആണ് അവർ. രാജ്യത്തിനായി കളിക്കുമ്പോൾ പരിക്ക് മൂലം പിന്മാറിയെങ്കിലും ഇന്ന് ക്യാപ്റ്റൻ ഒബമയാങ് കളിക്കും എന്നത് ആഴ്സണലിന് വലിയ ആത്മവിശ്വാസം ആണ് പകരുക. ഒപ്പം പ്രതിരോധത്തിൽ ടിയേർണി ഇറങ്ങുന്നതും നിർണായകമാവും.

ഗാർഡിയോളയെ പോലെ തന്നെ ടീമിൽ അപ്രതീക്ഷിതമായി മാറ്റങ്ങൾ വരുത്താൻ മടിക്കാത്ത ആർട്ടെറ്റ മധ്യനിരയിൽ ആരെയൊക്കെ ആണ് പരീക്ഷിക്കുക എന്നത് കണ്ടു തന്നെ അറിയണം. പ്രതിരോധത്തിൽ ലിവർപൂളിന് എതിരെ എന്ന പോലെ ലൂയിസ്, ഹോൾഡിങ്, ടിയേർണി മൂവർ സംഘം തന്നെയാവും ഇറങ്ങുക. ആഴ്സണലിന് എതിരെ ഗോളടിച്ചു കൂട്ടുന്ന സിറ്റി മുന്നേറ്റത്തെ ഇവർ എങ്ങനെ പ്രതിരോധിക്കും എന്നത് ആവും മത്സരത്തിന്റെ വിധി നിക്ഷയിക്കുക. പാർട്ടിക്ക് ഒപ്പം ശാക്ക ടീമിൽ ഇടം പിടിച്ചാൽ സെബയോസ്, പെപെ, വില്യം എന്നിവരിൽ ആരെയാവും കളത്തിലിറക്കുക എന്നു കണ്ടറിയണം. ലകസെറ്റയെ ആണോ യുവ താരം നെകിതയെ ആണോ ആർട്ടെറ്റ മുന്നേറ്റത്തിൽ പരീക്ഷിക്കുക എന്നു കണ്ടു തന്നെ അറിയണം. യുവ താരങ്ങളിൽ സാക്ക, നെൽസൻ എന്നിവരിൽ ഒരാൾ ടീമിൽ ഇടം പിടിച്ചാലും അത്ഭുതം ആവില്ല. സമീപകാലത്തെ സിറ്റിക്ക് എതിരായ മോശം റെക്കോർഡ് ആഴ്സണലിന് എത്തിഹാദ് സ്റ്റേഡിയത്തിൽ മാറ്റാൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം. ഡി ബ്രൂയിന്റെ അഭാവത്തിൽ ചിലപ്പോൾ ഈ മത്സരം ആഴ്സണലിന് ലഭിക്കുന്ന വലിയ അവസരം തന്നെയാണ്.

Advertisement