പ്രീമിയർ ലീഗിലേക്ക് മടങ്ങി വരണം എന്ന് പോചടീനോ, പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മുൻ ടോട്ടൻഹാം പരിശീലകൻ പോചടീനോ തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങി വരണം എന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കി. രണ്ട് മാസം മുമ്പ് മോശം പ്രകടനങ്ങൾ കാരണം ടോട്ടൻഹാം പോചടീനോയെ പുറത്താക്കിയിരുന്നു. അതിനു ശേഷം പുതിയ ചുമതലകൾ ഒന്നും ഏറ്റെടുക്കാതെ നിൽക്കുകയാണ് പോചടീനോ. അദ്ദേഹത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ മുതൽ പരിശീലകനാക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്‌.

ഇതിനായുള്ള പ്രാരംഭ ചർച്ചകൾ യുണൈറ്റഡ് ബോർഡ് ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ യുണൈറ്റഡ് പരിശീലകനായുള്ള ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ വളരെ ദയനീയ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെക്കുന്നത്. ഒലെയെ ഈ സീസൺ അവസാനം പുറത്താക്കി പകരം പോചടീനോയെ കൊണ്ടുവരാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിച്ച പരിശീലകനാണ് പോചടീനോ. അദ്ദേഹത്തിന്റെ കീഴിൽ പ്രതാപ കാലത്തേക്ക് തിരികെ വരാൻ ആകും എന്നാണ് യുണൈറ്റഡ് പ്രതീക്ഷ‌.

Advertisement