‘ടീമിലെ അവസരത്തിനു ആയി ഇനിയും പൊരുതും, നീതിക്ക് ആയി ഇനിയും ശബ്ദം ഉയർത്തും’ പ്രതികരണവുമായി ഓസിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് 25 അംഗ ടീമിൽ നിന്നു ആഴ്സണൽ ഒഴിവാക്കിയതിനു പുറമെ പ്രതികരണവുമായി മെസ്യുട്ട് ഓസിൽ രംഗത്തു വന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച ഓസിൽ തന്നെ ടീമിൽ നിന്നു ഒഴിവാക്കിയതിൽ വലിയ നിരാശ ആണ് പങ്ക് വച്ചത്‌. ആഴ്സണൽ ആരാധകർക്ക് ആയി കുറിച്ച കുറിപ്പിൽ 2018 ൽ തന്റെ കരാർ പുതുക്കുമ്പോൾ താൻ ക്ലബിനായുള്ള തന്റെ കൂറ് ആണ് പ്രഖ്യാപിച്ചത് എന്നു പറഞ്ഞ ഓസിൽ അത് ക്ലബിൽ നിന്നു തനിക്ക് തിരിച്ചു ലഭിച്ചില്ല എന്നും പറഞ്ഞു. പലപ്പോഴും ടീമിൽ നിന്നു ഒഴിവാക്കിയപ്പോൾ താൻ തന്റെ അവസരത്തിന് ആയി കാത്തിരുന്നു എന്നു പറഞ്ഞ ഓസിൽ കളിക്കാനുള്ള അവസരത്തിന് ആയാണ് താൻ ഇത് വരെ പ്രതികരിക്കാതെ ഇരുന്നത് എന്നും കുറിച്ചു.

കൊറോണക്ക് മുമ്പ് മൈക്കിൽ ആർട്ടെറ്റക്ക് കീഴിൽ തനിക്ക് ലഭിച്ച അവസരങ്ങളിൽ താൻ നന്നായി ആണ് കളിച്ചത് എന്നു പറഞ്ഞ ഓസിൽ ഈ സമയത്ത് താൻ സംതൃപ്തൻ ആയിരുന്നു എന്നും പറഞ്ഞു. എന്നാൽ അതിനു ശേഷം തനിക്ക് എന്തിനാണ് അവസരങ്ങൾ ലഭിക്കാത്തത് എന്നു മനസ്സിലാവുന്നില്ല എന്നു പറഞ്ഞ ഓസിൽ ലണ്ടൻ ഇപ്പോഴും തനിക്ക് സ്വന്തം വീട് പോലെയാണ് എന്നും കുറിച്ചു. ടീമിൽ തനിക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കൾ ഉണ്ട് എന്ന് പറഞ്ഞ ഓസിൽ ആരാധകരോടും ക്ലബിനോടും തനിക്ക് ഇപ്പോഴും മികച്ച അടുപ്പം ആണ് എന്നും കൂട്ടിച്ചേർത്തു. എന്തൊക്കെ സംഭവിച്ചാലും താൻ തന്റെ അവസരത്തിന് ആയി പോരാടും എന്നു പറഞ്ഞ ഓസിൽ തന്റെ ആഴ്സണലിലെ എട്ടാം സീസൺ ഇങ്ങനെ അവസാനിക്കാൻ സമ്മതിക്കില്ല എന്നും കുറിച്ചു.

ടീമിൽ ഉൾപ്പെട്ടില്ല എന്നത് തന്റെ മാനസികനിലയെ ബാധിക്കില്ല എന്നു പറഞ്ഞ ഓസിൽ താൻ പരിശീലനത്തിൽ ഏർപ്പെടും എന്നും പറഞ്ഞു. അതിനോടൊപ്പം കിട്ടുന്ന അവസരങ്ങളിൽ എല്ലാം താൻ മനുഷ്യത്വത്തിനു ആയും നീതിക്ക് ആയും ശബ്ദം ഉയർത്തും എന്നും ഓസിൽ കൂട്ടിച്ചേർത്തു. കളിക്കളത്തിലെ മോശം പ്രകടനത്തിന് ഒപ്പം ഓസിൽ നടത്തിയ ചില രാഷ്ട്രീയ പരാമർശങ്ങളും, തുർക്കി പ്രസിഡന്റ് എർദുഗാനെ സന്ദർശിച്ചത് അടക്കമുള്ള നീക്കങ്ങളും ആണ് ഓസിലിനെ ആഴ്സണൽ ടീമിൽ നിന്നു പുറത്താക്കാനുള്ള കാരണം എന്ന വിമർശനം ഉള്ളതിനാൽ തന്നെ ഓസിൽ തന്റെ നിലപാടിൽ നിന്നു പുറകോട്ട് ഇല്ല എന്ന സൂചന തന്നെയാണ് നൽകിയത്. അതേസമയം ഓസിൽ വിഷയത്തിൽ രണ്ടു തട്ടിൽ ആയ ആഴ്സണൽ ആരാധകർ തമ്മിൽ വലിയ ഏറ്റുമുട്ടൽ ആണ് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി സാമൂഹിക മാധ്യമങ്ങളിൽ അങ്ങോളം കാണാൻ ആവുക. ഓസിലിന്റെ ഭാവി എന്ത് ആവും എന്നു കണ്ടു തന്നെ അറിയാം.