പ്രീമിയർ ലീഗ് 25 അംഗ ടീമിലും ഇടമില്ല! ആഴ്സണലിൽ ഓസിൽ യുഗം അവസാനിക്കുന്നു!

20201021 002317

ആഴ്സണൽ ഫുട്‌ബോൾ ക്ലബിൽ ജർമ്മൻ ഫുട്‌ബോൾ താരം മെസ്യുട്ട് ഓസിലിനു ഇനി ഇടം ഉണ്ടാവാൻ ഇടയില്ല. പ്രീമിയർ ലീഗിൽ ആദ്യ പകുതിയിൽ കളിക്കാനുള്ള 25 പേരിൽ ഓസിൽ ഇടം പിടിക്കാതിരുന്നതോടെ താരത്തിന് ഇനി ആഴ്സണലിന് ആയി പ്രീമിയർ ലീഗിൽ അടുത്ത ഫെബ്രുവരി വരെ കളിക്കാൻ ആവില്ല. നേരത്തെ യൂറോപ്പ ലീഗിൽ നിന്നുള്ള ടീമിൽ നിന്നും ഓസിലിനെ ആഴ്സണൽ ഒഴിവാക്കിയിരുന്നു. ഓസിലിന് പുറമെ ഗ്രീക്ക് പ്രതിരോധ നിര താരം സോക്രട്ടീസിനെയും ആഴ്സണൽ ടീമിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആഴ്സണലിൽ ഓസിലിന്റെ കാലം ഏതാണ്ട് അടുത്ത് തന്നെ അവസാനിക്കും എന്നുറപ്പായി. ചൊവ്വാഴ്ച ഉച്ചക്ക് ആഴ്സണൽ പ്രീമിയർ ലീഗിൽ സമർപ്പിച്ച 25 അംഗ ടീമിൽ നിന്നാണ് ഓസിലിനെ ഒഴിവാക്കിയത്.

ആഴ്സണലിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഓസിലിൽ ഇതോടെ ഇനി ആഴ്സണലിന് ആയി ബൂട്ട് കെട്ടുക വിദൂര സാധ്യത മാത്രമാണ്. 2013 ൽ റയൽ മാഡ്രിഡിൽ നിന്നു ആഴ്സണലിൽ എത്തിയ ഓസിൽ വേങർക്ക് കീഴിൽ മിന്നും പ്രകടനങ്ങൾ ആയിരുന്നു പുറത്ത് എടുത്തത്. ആഴ്സണൽ ഈ കാലത്ത് നേടിയ 3 എഫ്.എ കപ്പ് നേട്ടങ്ങളിലും താരം പങ്കാളിയായി. എന്നാൽ ഉനയ് എമറിക്ക് കീഴിൽ പലപ്പോഴും മോശം പ്രകടനങ്ങൾ താരത്തെ ടീമിൽ നിന്നു പുറത്താക്കി. പിന്നീട് ആർട്ടെറ്റക്ക് കീഴിൽ ടീമിൽ തിരിച്ചു വന്നെങ്കിലും പിന്നെയും ടീമിൽ നിന്നു ഒഴിവാക്കപ്പെട്ടു. ഇതിനിടയിൽ ഓസിൽ നടത്തിയ പല രാഷ്ട്രീയ വിമർശനങ്ങളും, ക്ലബിന്റെ ബോർഡിന് എതിരായ വിമർശനങ്ങളും ക്ലബിന് തല വേദന ആയി.

ചൈനയിലെ മുസ്ലിം വംശജർക്ക് എതിരായ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചത് കൊണ്ടാണ് ഓസിലിന് ആഴ്സണൽ ടീമിൽ ഇടം കൊടുക്കാത്തത് എന്ന വിമർശനം പോലും ഇടക്ക് ഉണ്ടായി. അതേസമയം 25 പേരിൽ 17 ഹോം ഗ്രോൺ അല്ലാത്ത 21 വയസ്സുള്ളവരെ തിരഞ്ഞെടുക്കേണ്ടത് വന്നത് കൊണ്ടാണ് ഓസിലും സോക്രട്ടീസും ടീമിൽ ഇടം പിടിക്കാത്തത് എന്നാണ് ക്ലബിന്റെ വാദം. ഇരു താരങ്ങളോടും ക്ലബിന്റെ തീരുമാനം താൻ നേരിട്ടു തന്നെയാണ് അറിയിച്ചത് എന്നു പറഞ്ഞ ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ നിയമങ്ങൾ തങ്ങൾക്കു പാലിച്ചേ മതിയാവൂ എന്നും പറഞ്ഞു. ടീമിൽ ഇടം പിടിച്ചില്ല എങ്കിലും താരങ്ങൾ ടീമിനെ പരിശീലത്തിൽ അടക്കം സഹായിക്കും എന്നും ആർട്ടെറ്റ പ്രത്യാശിച്ചു. കോവിഡ് ലോക് ഡോണിന് മുമ്പ് എമിറേറ്റ്‌സിൽ നടന്ന അവസാനത്തെ മത്സരം ആയ വെസ്റ്റ് ഹാമിനു എതിരായ മത്സരത്തിൽ ആണ് ഓസിൽ അവസാനം ആഴ്സണലിന് ആയി കളിച്ചത്‌. ഇതോടെ ഈ മത്സരം മിക്കവാറും ഓസിലിന്റെ ആഴ്സണലിന് ആയുള്ള അവസാന മത്സരം ആവും.

Previous articleഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ച് കിങ്‌സ് ഇലവൻ കുതിപ്പ്
Next articleമൊറാട്ട തിളക്കത്തിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ വിജയ തുടക്കം