സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം ജയവുമായി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആ മികവ് ക്രിസ്റ്റൽ പാലസിനോടും തുടർന്നു. പാലസിന്റെ പന്തിലെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസ്റ്റിൽ ആണ് അപകടകാരികൾ ആയത്. ഒരിക്കൽ കൂടി ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരസ് തന്റെ മികവ് കാണിച്ച മത്സരം കൂടിയായിരുന്നു ഇത്‌. കളത്തിൽ ന്യൂകാസ്റ്റിലിന്റെ മികച്ച താരവും ബ്രൂണോ ആയിരുന്നു.

മത്സരത്തിൽ 32 മത്തെ മിനിറ്റിൽ ആണ് ന്യൂകാസ്റ്റിൽ വിജയഗോൾ പിറന്നത്. മിഗ്വൽ അൽമിറോണിന്റെ മികച്ച ഓട്ടവും അതുഗ്രൻ ഇടത് കാലൻ അടിയും മികച്ച ഗോൾ ആണ് ആരാധകർക്ക് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പാലസ് കൂടുതൽ മെച്ചപ്പെട്ടു എങ്കിലും ന്യൂകാസ്റ്റിൽ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ജയത്തോടെ ന്യൂകാസ്റ്റിൽ 11 സ്ഥാനത്തേക്ക് കയറിയപ്പോൾ 14 മത് ആണ് പാലസ്. വർഷങ്ങൾക്ക് ശേഷമാണ് ന്യൂകാസ്റ്റിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി 6 മത്സരങ്ങൾ ജയിക്കുന്നത്.