ഗാർഡിയോള അയാളുടെ പണി നോക്കിയാൽ മതിയെന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ

മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങൾ കാണാൻ കൂടുതൽ ആരാധകർ എത്തണം എന്ന ഗാർഡിയോളയുടെ അപേക്ഷക്ക് പിറകെ ഗാർഡിയോളയെ വിമർശിച്ചു മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധക സംഘം. ഗാർഡിയോള പരിശീലനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് ഇല്ലെന്നു മാഞ്ചസ്റ്റർ സിറ്റി ആരാധകർ പ്രതികരിച്ചു. മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങൾ കാണാൻ കൂടുതൽ ആളുകൾ എത്തുന്നില്ല എന്ന വിമർശനം ഉന്നയിച്ച ഗാർഡിയോള അടുത്ത മത്സരത്തിൽ കൂടുതൽ ആരാധകർ തങ്ങളുടെ മത്സരം കാണാൻ വരണം എന്നും അപേക്ഷിച്ചിരുന്നു. ഈ വിമർശനം ആണ് സിറ്റി ആരാധകരെ പ്രകോപിച്ചത്‌. കഴിഞ്ഞ സീസണുകളിൽ എന്ന പോലെ ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിരവധി സീറ്റുകൾ ആണ് ഒഴിഞ്ഞു കിടന്നത്.

അതേസമയം ഗാർഡിയോള വിഷയം പെരുപ്പിച്ചു കാണിച്ചു എന്നു വിമർശിച്ച മാഞ്ചസ്റ്റർ സിറ്റി ആരാധക കൂട്ടം, ചാമ്പ്യൻസ് ലീഗ് മത്സര സമയവും നിലവിലെ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടുകളും പലരെയും കളി കാണുന്നതിൽ നിന്നു തടയുന്നത് ആയി പറഞ്ഞു.ആരാധകരെ ചോദ്യം ചെയ്യാതെ പരിശീലനത്തിൽ ആണ് ഗാർഡിയോള ശ്രദ്ധിക്കേണ്ടത് എന്നു പറഞ്ഞ അവർ, ഗാർഡിയോളയുടെ പ്രസ്താവന കാരണം കളിയെക്കാൾ അതാണ് ആളുകൾ ശ്രദ്ധിക്കുന്നത് എന്നും വിമർശിച്ചു. സിറ്റിയെ അടിക്കാൻ മറ്റു ടീമിന്റെ ആരാധകർക്ക് വടി കൊടുക്കുക ആയിരുന്നു ഗാർഡിയോള ചെയ്തത് എന്ന വിമർശനം ആണ് സിറ്റി ആരാധകർ പ്രധാനമായും നടത്തിയത്. കൂടുതൽ കാണികൾ എത്തിഹാദിൽ എത്തുന്നത് ആയി പറഞ്ഞ അവർ ആരാധകരുടെ കൂറ് ചോദ്യം ചെയ്യാതെ ഗാർഡിയോള പരിശീലനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി എന്നും വിമർശനം ഉന്നയിച്ചു. അതേസമയം അടുത്ത മത്സരങ്ങളിൽ കൂടുതൽ ആരാധകർ എത്തിഹാദിൽ എത്തും എന്നും അവർ കൂട്ടിച്ചേർത്തു.