മുപ്പതാം വയസ്സിൽ ഫുട്‌ബോളിൽ നിന്നു വിരമിച്ചു ജാക് വിൽഷെയർ, താരം ആഴ്‌സണൽ അണ്ടർ 18 ടീമിന്റെ പരിശീലകൻ ആവും

പരിക്ക് വിടാതെ പിന്തുടർന്ന സങ്കടകരമായ ഫുട്‌ബോൾ കരിയറിന് ഒടുവിൽ മുൻ ഇംഗ്ലീഷ്, ആഴ്‌സണൽ താരം ജാക് വിൽഷെയർ മുപ്പതാം വയസ്സിൽ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഞാൻ എന്റെ സ്വപ്നം യാഥാർത്ഥ്യം ആക്കിയെന്നു കുറിച്ചാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഫുട്‌ബോൾ താരമാവാൻ കൊതിച്ച കുട്ടിയിൽ നിന്നു തനിക്ക് പ്രിയപ്പെട്ട ആഴ്‌സണലിന്റെ നായകൻ ആയതും ലോകകപ്പിൽ ഇംഗ്ലണ്ടിന് ആയി കളിച്ചതും അടക്കം താൻ തന്റെ സ്വപ്നം പൂർത്തിയാക്കി എന്നാണ് താരം സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. 2011 ലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയുടെ ഇതിഹാസ ടീമിനോട് 19 കാരനായ വിൽഷെയർ നടത്തിയ പ്രകടനം അവിശ്വസനീയം ആയിരുന്നു.

Fb Img 1657287484158

എന്നാൽ തുടർന്ന് പരിക്ക് നിരന്തരം ഇംഗ്ലീഷ് താരത്തിന്റെ കൂടപ്പിറപ്പ് ആയി. ആഴ്‌സണലിന് ഒപ്പം എഫ്.എ കപ്പ് നേട്ടങ്ങളിലും താരം പങ്കാളിയായി. തുടർന്ന് ആഴ്‌സണൽ വിട്ട താരം മറ്റ് ക്ലബുകളിലേക്ക് ചേക്കേറിയെങ്കിലും പഴയ നിലവാരത്തിലേക്ക് ഉയരാൻ താരത്തിന് ആയില്ല. വിരമിച്ച ശേഷം ജാക് വിൽഷെയർ ആഴ്‌സണലിന്റെ അണ്ടർ 18 ടീമിന്റെ പരിശീലകൻ ആയി ഉടൻ ചുമതല ഏറ്റെടുക്കും എന്നാണ് സൂചന. വിൽഷെയറിന്റെ അസിസ്റ്റന്റ് ആയി ആദം ബിർചൽ, ജൂലിയൻ ഗ്രെ എന്നിവരും ടീമിന് ഒപ്പം ചേരും. അതേസമയം ആഴ്‌സണൽ അണ്ടർ 23 പരിശീലകനായി മെഹ്മത് അലിയും അസിസ്റ്റന്റ് ആയി മാക്‌സ് പോർട്ടറും എത്തും. അൽപ്പകാലം എങ്കിലും ആഴ്‌സൻ വെങറുടെ ഫുട്‌ബോളിൽ ജാക് വിൽഷെയർ എന്ന സൂപ്പർ ജാക്കി ബോയിയുടെ പ്രകടനം ആഴ്‌സണൽ ആരാധകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നു തന്നെ ആവും.