കരിയർ അവസാനിപ്പിക്കും എന്നു കരുതിയ പരിക്കിൽ നിന്ന് ആന്ദ്ര ഗോമസ് മടങ്ങി എത്തി

കരിയർ അവസാനിക്കും എന്നു പലരും കരുതിയ വലിയ പരിക്കിൽ നിന്ന് മുക്തനായി പോർച്ചുഗീസ് താരം ആന്ദ്ര ഗോമസ് ഫുട്‌ബോൾ കളത്തിലേക്ക് തിരിച്ച് എത്തി. ആഴ്‌സണലിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗോമസ് ലഭിച്ച കുറഞ്ഞ നിമിഷങ്ങളിൽ മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്. മികച്ച ലോങ് ബോളുകളും പാസുകളും നൽകിയ ഗോമസ് എവർട്ടനു മികച്ച അവസരങ്ങൾ ആണ് തുറന്ന് കൊടുത്തത്.

ഏതാണ്ട് മൂന്നര മാസങ്ങൾക്ക് ശേഷം ആണ് ഗോമസിന്റെ ഫുട്‌ബോൾ കളത്തിലേക്കുള്ള തിരിച്ചു വരവ്. കഴിഞ്ഞ വർഷം നവംബർ 3 നു നടന്ന എവർട്ടൻ ടോട്ടനം ഹോട്സ്പർ മത്സരത്തിൽ ആണ് ഗോമസിന്റെ കരിയർ തന്നെ അവസാനിപ്പിച്ചേക്കും എന്നു കരുതിയ പരിക്ക് ഗോമസിന് ഏൽക്കുന്നത്. പരിക്കിന്‌ കാരണക്കാരൻ ആയ സോൺ ഹ്യു മിൻ അന്ന് കണ്ണീർ അണിഞ്ഞു നിന്നത് ആരാധകർ മറക്കാനിടയില്ല. ഗോമസിന്റെ തിരിച്ചു വരവിലെ മികച്ച പ്രകടനത്തിലും 3-2 നു മത്സരം തോൽക്കാൻ ആയിരുന്നു എവർട്ടന്റെ വിധി. എന്നാൽ സീസണിലെ നിർണായക ഘട്ടത്തിൽ ഗോമസിന്റെ തിരിച്ചു വരവ് എവർട്ടനു വലിയ കരുത്ത് പകരും.