വെംബ്ലിയിൽ ഇന്ന് ലണ്ടൻ ഡർബി, ചെൽസി സ്പർസിനെ നേരിടും

ചെൽസിക്ക് ഇന്ന് ജയിക്കാതിരിക്കാനാവില്ല. സ്വന്തം മൈതാനത്ത് ആദ്യ മത്സരം തോറ്റ അവർക്ക് ലീഗിൽ സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. വൈറ്റ് ഹാർട്ട് ലൈനിൽ നിന്ന് ഹോം മത്സരങ്ങൾ വെംബ്ലിയിലേക്ക് മാറ്റിയ ടോട്ടൻഹാമിന് ഇത് ആദ്യ ഹോം മത്സരവും. ആദ്യ മത്സരം ജയിച്ചു വരുന്ന സ്പർസിന് ആത്മവിശ്വാസം കൂടുമെങ്കിലും വെംബ്ലിയിൽ അവരുടെ റെക്കോർഡ് അത്ര മികച്ചതല്ല എന്നത് ചെൽസിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. അവസാനം എഫ് എ കപ്പ് സെമി ഫൈനലിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ജയം ചെൽസിക്ക് ഒപ്പമായിരുന്നു. പക്ഷെ അവസാനം വെംബ്ലിയിൽ കളിച്ച രണ്ടു മത്സരങ്ങളും തോറ്റാണ് ചെൽസി മടങ്ങിയത്. ഒന്ന് ആഴ്സണലിനെതിരെ എഫ് എ കപ്പ് ഫൈനലിലും മറ്റൊന്ന് കമ്യുണിറ്റി ഷീൽഡിലും.

ക്യാപ്റ്റൻ ഗാരി കാഹിലും സെസ്ക് ഫാബ്രിഗാസും സസ്പെന്ഷനിലാണ്. ഇതോടെ ടീമിനെ തിരഞ്ഞെടുക്കുക എന്നത് കൊണ്ടേക്ക് തലവേദനയാവും. പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും ബകയോക്കോ ഇന്ന് കളിക്കാൻ സാധ്യത കൂടുതലാണ്. ഡേവിഡ് ലൂയിസ് കാന്റക്കൊപ്പം മധ്യനിരയിൽ കളിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ആദ്യ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി തിളങ്ങിയ സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത ഇത്തവണ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചേക്കും. സ്പർസ് നിരയിൽ കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടാവാൻ ഇടയില്ല. വിങ്ങർ ഹ്യുങ് മിൻ സോണ് പരിക്ക് മാറി എത്തുന്നതും സ്പർസിന് തുണയാകും. മൗറീസിയോ പോച്ചറ്റിനോക്ക് കീഴിൽ ഒരൊറ്റ ഹോം ലണ്ടൻ ഡർബിയും തോറ്റിട്ടില്ലാത്ത സ്പർസിനെ മറികടക്കാൻ ചെൽസിക്ക് സർവ ശക്തിയും എടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ ഹഡെയ്സ് ഫീൽഡ് ടൗണിനെ നേരിടും. പ്രീമിയർ ലീഗിലേക്ക് സ്ഥാനം കയറ്റം കിട്ടി വന്ന ഇരു ടീമുകളും ഹഡെയ്സ് ഫീൽഡ് ന്റെ ഗ്രൗണ്ടിൽ വച്ചാണ് ഏറ്റുമുട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറിന് ഇന്ന് സ്വന്തം തട്ടകത്തിൽ അരങ്ങേറ്റം, മൂന്നാം ജയത്തിനൊരുങ്ങി പി എസ് ജി
Next articleഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സോണി നോർദെ മോഹൻ ബഗാനിൽ