ക്ളോപ്പിനെതിരെ വെങ്ങർ,പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 27 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. മാഞ്ചസ്റ്റർ യുണൈറ്റഡ്-ബേൺമൗത് മത്സരത്തോടെയാണ് ഈ ആഴ്ചയിലെ മത്സരങ്ങൾക്ക് തുടക്കമാവുക.

ആറാം സ്ഥാനത്ത് മാസങ്ങളായി തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് ഈ ആഴ്ചയിലെ മത്സരം. ബേൺ മൗത്തിനോട് ജയിക്കുകയും ഇന്ന് നടക്കുന്ന ആർസെനൽ- ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെടുകയും ചെയ്‌താൽ അവർക്ക് സ്ഥാനം മെച്ചപ്പെടുത്താൻ സാധിക്കും.
ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ യുണൈറ്റഡിന് തന്നെയാണ് ഇന്നത്തെ ഫോമിൽ സാധ്യത, കഴിഞ്ഞ 8 മത്സരങ്ങളിലും ജയിക്കാനാവാതെ കഷ്ട്ടപ്പെടുന്ന ബേൺമൗത്തിന് കാര്യങ്ങൾ എളുപ്പമാവില്ല , പ്രത്യേകിച്ചും അവസാന 8 മത്സരങ്ങളിൽ തോൽവി അറിയാതെ വരുന്ന യൂണൈറ്റഡുമായിട്ടാവുമ്പോൾ. യുണൈറ്റഡ് നിരയിൽ ഫിൽ ജോൺസ്‌ , മികിതാര്യൻ എന്നിവർ പരിക്ക് കാരണം പുറത്തിരിക്കും. പ്രതിരോധത്തിലെ പതിവ് വീഴ്ചകൾ ബേർമൗത് ആവർത്തിച്ചാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവും.

ഈ ആഴ്ചയിലെ സൂപ്പർ പോരാട്ടം ആൻഫീൽഡിൽ ലിവർപൂളും-ആഴ്‌സണലും തമ്മിലാണ്. സീസൺ ആദ്യ പകുതിയിലെ കിടിലൻ ഫോം നിലനിർത്താനാവാതെ വിഷമിക്കുന്ന ലിവർപൂളിന് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല , അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്പോട്ടിനായി പോരാടുന്ന ഇരു ടീമുകൾക്കും ഈ മത്സരത്തിലെ ഫലം നിർണായകമാണ്.

ആഴ്‌സണൽ മാനേജർ ആർസെൻ വെങ്ങർക്ക് ഇത് ലിവർപൂളിനെതിരെയുള്ള അൻപതാം മത്സരമാണ്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് കനത്ത തോൽവി വഴങ്ങിയ ക്ളോപ്പിന്റെ ടീമിന് ജയം അനിവാര്യമാണ്, ആഴ്‌സണൽ ആവട്ടെ ശരാശരി പ്രകടനം മാത്രമാണ് സീസണിൽ നടത്തുന്നത്, ലിവർപൂളിനെതിരെ അവരുടെ മൈതാനത്ത് ഒരു ജയം ആഴ്‌സണലിന്റെ വരാനിരിക്കുന്ന മത്സരങ്ങളുടെ ആത്മവിശ്വാസത്തിന് വലിയ മുതൽക്കൂട്ടാകും.
ലിവർപൂൾ നിരയിൽ പരിക്കേറ്റ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണ് കളിക്കാനാവില്ല. ആഴ്‌സണലിനു കാര്യമായ പരിക്ക് പ്രശ്നങ്ങളില്ല. ആക്രമണ ഫുട്ബോളിന് പേരുകേട്ട രണ്ടു പരിശീലകരുടെ ടീമുകൾ തമ്മിലുള്ള മത്സരം ഫുട്ബാൾ പ്രേമികൾക്ക് മുതൽക്കൂട്ടാകും.
സീസൺ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 4 -3 എന്ന സ്കോറിന് ലിവർപൂളിനായിരുന്നു ജയം.

Summer Tradingചെൽസിയോടേറ്റ തോൽ‌വിയിൽ നിന്ന് സ്വന്തം മൈതാനത്ത് ജയത്തോടെ മുക്തമാവാനാവും പോൾ ക്ലെമെന്റിന്റെ സ്വാൻസിയുടെ ശ്രമം, പ്രത്യേകിച്ചും എവേ മത്സരങ്ങളിൽ കാര്യമായി പോയിന്റ് നേടാനാവാതെ വിഷമിക്കുന്ന ബേൺലി എതിരാളികളാകുമ്പോൾ. അവസാനം കളിച്ച 4 കളികളിൽ ഒന്നിൽ പോലും ജയിക്കാൻ ബേൺലിക്കായിട്ടില്ല. പക്ഷെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെ ഫലം സ്വാൻസിക്ക് നിർണായകമാണ് , ഏതാണ്ട് തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ഏതു ടീമിനും സാധ്യത നൽകുന്നു.

ലീഗ് കപ്പ് ഫൈനലിലെ തോൽവിക്ക് ശേഷമാണ് സൗത്താംപ്ടൺ വാട്ട് ഫോർഡിനെ നേരിടാൻ കളത്തിലിറങ്ങുന്നത്. ലീഗ് കപ്പ് ഫൈനലിൽ 2 ഗോളുകൾ നേടി അസാമാന്യ ഫോമിലുള്ള ഗബ്ബിയാദീനി തന്നെയാണ് സൗത്താംപ്ടൺ ടീമിന്റെ പ്രതീക്ഷ.

വാട്ട്ഫോർഡ് നിരയിൽ പരിക്കേറ്റ സാരാട്ടേ കളിക്കാനാവില്ല. സൗത്താംപ്ടൺ നിരയിൽ കഴിഞ്ഞ ലീഗ് മത്സരം കളിച്ച എല്ലാവരും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോട് നാണം കേട്ട തോൽവി വഴങ്ങിയ സ്റ്റോക് സിറ്റിക്ക് എതിരാളികൾ മിഡിൽസ്ബറോ ആണ്. മിഡിൽസ്ബറോയും കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോൽവി വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്താണ് മത്സരം എന്നത് സ്റ്റോക്കിന് നേരിയ മുൻതൂക്കം നൽകും. ഇരു ടീമുകൾക്കും കഴിഞ്ഞ മത്സരം കളിച്ച ടീമുകളിൽ ആർക്കും കാര്യമായ ഫിറ്റ്നസ് പ്രശ്നങ്ങളില്ല.

ക്ലാഡിയോ റാനിയേരിയെ പുറാത്താക്കിയ ശേഷമുള്ള മത്സരത്തിൽ ലിവര്പൂളിനെ തറപറ്റിച്ച ആകാശം മുട്ടുന്ന ആത്മവിശ്വാസവുമായി കിംഗ് പവർ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന ലെസ്റ്റർ സിറ്റിയെ നേരിടുക എന്നത് ഹൾ സിറ്റിക്ക് ഒട്ടും എളുപ്പമാവില്ല, സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ലെസ്റ്റർ ലിവർപൂളിനെതിരെ പുറത്തെടുത്തത്. ഹൾ ആവട്ടെ കഴിഞ്ഞ 2 മത്സരങ്ങളും ജയിക്കാനാവാതെയാണ് വരുന്നത്. പുറത്താക്കൽ ഭീഷണി നേരിടുന്ന അവർക്ക് ജയം അനിവാര്യമാണ്.

സീസൺ ആദ്യ ദിനം ഹൾ സിറ്റിയോടേറ്റ തോൽവിക്ക് കണക്ക് തീർക്കാനുള്ള അവസരം കൂടിയാവും ലെസ്റ്ററിന് ഇത്.
ഹൾ നിരയിൽ മിഗുർ കളിക്കാനിടയില്ല.

വെസ്റ്റ്ബ്രോം – ക്രിസ്റ്റൽ പാലസ്

ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ടോണി പ്യുലിസിന്റെ വെസ്റ്റ് ബ്രോമിനെയാണ് സാം അല്ലെടായ്‌സിന്റെ ക്രിസ്റ്റൽ പാലസിന് നേരിടാനുള്ളത്. നിലവിലെ ഫോമിൽ വെസ്റ്റ് ബ്രോമിനെ അവരുടെ ഗ്രൗണ്ടിൽ തളക്കുക എന്ന ദുഷ്കരമായ ജോലിയാണ് പാലസിനുള്ളത്. കഴിഞ്ഞ മത്സരത്തിൽ പക്ഷെ മിഡിൽസ്ബറോയോട് പൊരുതി നേടിയ ജയത്തിന്റെ ആത്മവിശ്വാസം പാലസിന് നിലനിർത്താനായാൽ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്.