രാഷ്ട്രീയം അല്ല കളത്തിലെ പ്രകടനങ്ങൾ ആണ് ഓസിലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം ~ ആർട്ടെറ്റ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്യുട്ട് ഓസിലിനെ ആഴ്സണലിന്റെ 25 അംഗ ടീമിൽ നിന്നു ഒഴിവാക്കാൻ കാരണം കളത്തിലെ മോശം പ്രകടനങ്ങൾ തന്നെയാണ് എന്നു വിശദീകരിച്ച് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ ഫുട്‌ബോൾ മാത്രം ആണ് തന്റെ തീരുമാനത്തിന് പിറകിൽ എന്നു വിശദീകരിച്ച ആർട്ടെറ്റ താൻ ഇതിൽ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ആയും പറഞ്ഞു. മറ്റുള്ളവർക്ക് ലഭിച്ച പോലെ അവസരങ്ങൾ ഓസിലിനും ലഭിച്ചു എങ്കിലും താരത്തിന്റെ പ്രകടനം തനിക്ക് സംതൃപ്തി നൽകിയില്ല എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു. ഒരാളെയും ടീമിൽ നിന്നു ഒഴിവാക്കുക എന്നത് ഒരിക്കലും സന്തോഷമുള്ള കാര്യം അല്ലെന്നും ആഴ്സണൽ പരിശീലകൻ കൂട്ടിച്ചേർത്തു. അതേസമയം ആഴ്സണലിൽ കരാർ അവസാനിക്കുന്നത് മുമ്പ് ഓസിൽ ടീം വിടുമെന്ന് താൻ കരുതുന്നില്ല എന്നും ആർട്ടെറ്റ പറഞ്ഞു. ഫുട്‌ബോളിൽ എന്തും സംഭവിക്കാം എന്നു പറഞ്ഞ ആർട്ടെറ്റ ഇതാണ് യാഥാർഥ്യം എന്നും അതുമായി എല്ലാവരും പൊരുത്തപ്പെടണം എന്നും കൂട്ടിച്ചേർത്തു.

കളിക്കാർ കളത്തിൽ മികച്ച പ്രകടനം നൽകാത്തതിൽ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്നു പറഞ്ഞ ആർട്ടെറ്റ ഓസിൽ വിഷയത്തിൽ തനിക്ക് ആണ് പൂർണ ഉത്തരവാദിത്വം എന്നു ആവർത്തിച്ചു. കാര്യങ്ങൾ മുമ്പത്തെ പോലെയല്ല എങ്കിലും ഓസിലിനെ ക്ലബ് നന്നായി നോക്കും എന്നും താരം പരിശീലനത്തിൽ എല്ലാം നൽകും എന്നും ആർട്ടെറ്റ പ്രത്യാശിച്ചു. അതേസമയം ഓസിലിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഓസിലിന്റെ ജർമ്മൻ സഹതാരം ജെറോം ബോട്ടങ്, ആഴ്സണൽ ഇതിഹാസം ഇയാൻ റൈറ്റ് തുടങ്ങി പ്രമുഖർ ഓസിലിന് പിന്തുണയും ആയി രംഗത്ത് വന്നു. ആഴ്സണൽ നായകൻ ഒബമയാങ്, ലാകസെറ്റ്, നൈൽസ് തുടങ്ങി പല ആഴ്സണൽ താരങ്ങളും മുൻ ആഴ്സണൽ താരം സാന്റി കസോളയും ഓസിലിന്റെ ഇൻസ്റ്റഗ്രാം പ്രതികരണത്തിൽ പിന്തുണ അറിയിച്ചു എന്നതും ശ്രദ്ധേയമാണ്.